സപ്ലൈകോ: 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും

December 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ച്ചി: സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ടെന്‍ഡറിലെ ക്രമക്കേട്‌ സംബന്ധിച്ച വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാധന സാമഗ്രികള്‍ വിതരണം ചെയ്‌ത നിലയില്‍ ഇവര്‍ക്കു പണം നല്‍കേണ്ടതില്ലെന്നു സപ്ലൈകോ ചെയര്‍മാനു നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.. ഇവരുടെ കരാര്‍ തുക തടഞ്ഞു വയ്‌ക്കും. സപ്ലൈകോയ്‌ക്കുണ്ടായ നഷ്‌ടം വിതരണക്കാരില്‍ നിന്ന്‌ ഈടാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഭക്ഷ്യവസ്‌തുക്കളില്‍ മായം കലര്‍ന്നെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ മുഖവിലയ്‌ക്കെടുക്കരുതെന്ന്‌ സപ്ലൈകോ ആവശ്യപ്പെട്ടു. കേസിനു പിന്നില്‍ ഇ ടെന്‍ഡര്‍ അട്ടിമറിക്കാനുളള ശ്രമമാണെന്നും സപ്ലൈകോ ആരോപിച്ചു.കേസ്‌ വിശദമായ വാദം കേള്‍ക്കുന്നതിനായി ജനുവരി രണ്ടാം വാരത്തിലേക്കു മാറ്റി. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ സ്‌ഥിതി ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കോഴിക്കോട്‌ സ്വദേശി യഹിയ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം