മുംബൈ ശക്തിമില്‍ കൂട്ടബലാല്‍സംഗക്കേസും സൂര്യനെല്ലി കേസും

April 5, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ww-pbരാജ്യത്ത് ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ഥ വിധികളിലൂടെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന പീഡനത്തിന് ശക്തമായ താക്കീതാണ് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ ശക്തിമില്‍ കൂട്ട ബലാല്‍സംഗകേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ട് ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തില്‍ പുതിയൊരദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. ബലാല്‍സംഗക്കേസില്‍ വധശിക്ഷ നല്‍കുന്നത് രാജ്യത്ത് ആദ്യമായാണ്.

ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിനുശേഷം ഇത്തരം പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം രാജ്യത്താകെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഒന്നില്‍ക്കൂടുതല്‍ ബലാല്‍സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 376 ഇ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ഇതുപ്രകാരമാണ് കാസിം ശൈഖ്, വിജയ് ജാധവ്, സലിം അന്‍സാരി എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത്. നേരത്തേ ഒരുപെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ഈ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൂക്കുകയര്‍ നല്‍കുന്നതിന് നിയമം നിര്‍ബന്ധിതമായത്. ഇതിലൂടെ സ്ത്രീപീഡന വീരന്മാര്‍ക്ക് ശക്തമായ താക്കീതാണ് മുംബൈ സെക്ഷന്‍സ് കോടതി നല്‍കിയിരിക്കുന്നത്.

ഇതുപോലെതന്നെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സൂര്യനെല്ലിക്കേസില്‍ ഇന്നലെയുണ്ടായ വിധി. മുഖ്യ സൂത്രധാരനായ ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയും കേസില്‍ ശേഷിച്ച മുപ്പതുപ്രതികളില്‍ 23പേര്‍ക്ക് മുന്നുമുതല്‍ പത്തുവരെ വര്‍ഷം തടവുശിക്ഷ വിധിക്കുകയുമായിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരെ 2005ല്‍ പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ധര്‍മ്മരാജനൊഴികെ എല്ലാപ്രതികളെയും വിട്ടയയ്ക്കുകയും ധര്‍മ്മരാജന്റെ ശിക്ഷ അഞ്ചുവര്‍ഷമായി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടിയും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി വീണ്ടും ഹൈക്കോടതിയോട് കേസ് പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ട ഏഴുപേര്‍ക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്.

സമാനതകളില്ലാത്ത പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടിയുടെ പേരുപോലും നഷ്ടപ്പെട്ടു. ഇന്ന് സൂര്യനെല്ലിപെണ്‍കുട്ടി എന്നാണ് ചെറുപ്രായത്തില്‍ പീഡനത്തിനിരയായ ആ യുവതി അറിയപ്പെടുന്നത്. ആ കുട്ടിയേയും കുടുംബത്തേയും സമൂഹത്തിലെ ഭൂരിപക്ഷവും ബഹിഷ്‌കരിക്കുകയും അകറ്റിനിര്‍ത്തുകയുമായിരുന്നു. ആ സ്ഥിതി ഇപ്പോഴും തുടരുന്നു. അതിനൊന്നും പരിഹാരമല്ലെങ്കിലും സംഭവം നടന്ന് ഒന്നരപതിറ്റാണ്ടോളമാകുമ്പോള്‍ കുറ്റവാളികള്‍ ഇരുമ്പഴികള്‍ക്കുള്ളിലായത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ്. അതേസമയംതന്നെ പെണ്‍കുട്ടിയുടെ പിതാവ് വിധിയോട് പ്രതികരിച്ചത് ഹൃദയവേദനയോടെയാണ്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബസന്തിന്റെ പെണ്‍കുട്ടി ബാലവേശ്യയാണെന്ന പരാമര്‍ശത്തെയാണ് വേദനയോടെ ആ പിതാവ് ചൂണ്ടിക്കാട്ടിയത്. സ്വന്തം മകളായിരുന്നുവെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ എന്നാണ് സൂര്യനെല്ലിപെണ്‍കുട്ടിയുടെ പിതാവ് ചോദിച്ചത്. ആ പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരെ ഇപ്പോഴും ചെളിവാരിയെറിയുന്ന ഹൃദയശൂന്യമായ സമൂഹം ഇനിയെങ്കിലും അവരെ ജീവിക്കാന്‍വിടണം; അനേകം ജീവിതത്തില്‍ അനുഭവിച്ച് തീര്‍ക്കാവുന്നതിലേറെ തീരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയ്ക്കുനേരെ ഇനിയെങ്കിലും കാരുണ്യത്തിന്റെ കൈകള്‍ നീട്ടണം. അതിലൂടെ മാത്രമേ കേരളീയ സമൂഹത്തിന് എളിയതോതിലെങ്കിലും പ്രായശ്ചിത്തം ചെയ്യാനാകു.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍