ധര്‍മ്മത്തിനായി ഒരു വോട്ട്

April 9, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഭാവി ഭാരതത്തിന്റെ ദിശ നിര്‍ണയിക്കുന്ന ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പാണ് ലോകസഭയിലേക്ക് നടക്കുന്നത്. നാളെ കേരളവും സമ്മതിദാനാവകാശം നിയോഗിക്കുന്നതിന് തയ്യാറെടുക്കുകയാണ്. ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നരേന്ദ്ര ദാമോദര്‍മോഡി പ്രധാനമന്ത്രിയായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേല്‍ക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ്സും ഇടതുപക്ഷങ്ങളുംപോലും പരോക്ഷമായി ഇക്കാര്യം സമ്മതിക്കുന്നു. കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ പങ്കിട്ടെടുക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയം ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന്റെ നിലനില്‍പ്പിനെപോലും അപകടത്തിലാക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍വേണം ഓരോ കേരളീയനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.

ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെയാണ് കോണ്‍ഗ്രസ് സഞ്ചരിച്ചത്. ഇതിലൂടെ ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന്റെ അഭിമാനബോധത്തെ കുറച്ചൊന്നുമല്ല വ്രണപ്പെടുത്തിയത്. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന ഹൈന്ദവീയമായതൊക്കെ വര്‍ഗ്ഗീയവും ഒരു ചെറിയ ന്യൂനപക്ഷമാണെങ്കിലും മാതൃരാജ്യത്തെ ശത്രുതാമനോഭാവത്തോടെ കാണുന്നവരുള്‍പ്പെട്ട വിഭാഗങ്ങള്‍ മതേതര വാദികളുമായി കാണുന്ന വൈരുദ്ധ്യത്തിന്റെ ഭീകരമുഖമാണ് പിന്നിട്ട ദശകങ്ങളിലൊക്കെ നാം കണ്ടത്. ഇതിന് അറുതിവരുത്താന്‍ സനാതന ധര്‍മ്മത്തിന്റെ അടിത്തറയില്‍നിന്ന് രൂപംകൊണ്ട ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികരത്തില്‍വരുകമാത്രമേ വഴിയുള്ളൂ. വാജ്‌പേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം നടത്തിയിരുന്നു എന്നകാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്ഥമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.

കഴിഞ്ഞദിവസം പുറത്തിറക്കിയ ബി.ജെ.പി.യുടെ പ്രകടനപത്രികയില്‍ ഭാരതമെന്ന രാഷ്ട്രത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനുള്ള നയപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍കോഡ്, കാശ്മീരിനുള്ള പ്രത്യേക പദവി സംബന്ധിച്ച പുനപരിശോധന എന്നീ കാര്യങ്ങള്‍ക്ക് പകടനപത്രികയില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. നേരത്തേ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍നിന്ന് പുറകോട്ടുപോയെങ്കില്‍ ഇനി അത്തരത്തിലൊരു തിരിച്ചുപോക്കിനു സാദ്ധ്യമല്ല.

editorial-dharma-1pbശ്രീരാമനും രാമായണവും ഭാരതത്തിന്റെ ആത്മാവാണ്. സഹസ്രാബ്ദങ്ങളായി ഒരു ജനതയെ മുഴുവന്‍ ഒന്നിച്ചുനിര്‍ത്തുന്ന യുഗശബ്ദമാണ് ശ്രീരാമന്‍. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിപോലും രാമനാമം ഉച്ചരിച്ചുകൊണ്ടാണ് ജീവന്‍ വെടിഞ്ഞത്. അദ്ദേഹം സ്വപ്‌നംകണ്ടതും രാമരാജ്യമാണ്. ശ്രീരാമന്റെ ജന്മഭൂമിയില്‍ ഒരു ക്ഷേത്രം ഉയരുക എന്നത് കോടാനുകോടി ഭാരതീയരുടെ ജന്മാഭിലാഷമാണ്.  രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന്റെ അഭിമാനബോധം വീണ്ടെടുക്കാനാവൂ. എല്ലാവര്‍ക്കും ഒരേ നീതി ലഭ്യമാക്കുന്ന ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നതിലൂടെ വിവേചനത്തിന്റെ നാളുകള്‍ അവസാനിപ്പിക്കാനാവും. അതുപോലെ കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നതിലൂടെ ആ സംസ്ഥാനം ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനവുംപോലെ ആയിത്തീരും. ഇന്ന് കാശ്മീരില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് സ്ഥലം വാങ്ങുന്നതിനും മറ്റും നിയന്ത്രണമുണ്ട്. അതേസമയം കാശാമീരികള്‍ക്ക് ഭാരതത്തിലെവിടെയും സ്ഥലം വാങ്ങുകയും വീടുവച്ചു താമസിക്കുകയും ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഈ ഇരട്ടത്താപ്പാണ് കാശ്മീരിനെ ഒരു പരിധിവരെ കലാപഭൂമിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളത്തില്‍ തിരുവനന്തപുരവും കാസര്‍കോഡും ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ്. മറ്റു മണ്ഡലങ്ങളിലും ഇരുമുന്നണികള്‍ക്കൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം കേരളത്തിന്റെ മണ്ണില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കുന്ന ഓരോ വോട്ടും ധര്‍മ്മസംരക്ഷണത്തിനായാണ്.

ഭാരതം അതിന്റെ പൂര്‍വ്വകാല മഹിമയിലേക്ക് പോകുവാനുള്ള മുഹൂര്‍ത്തം സമാഗതമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന് കഴിഞ്ഞനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ അരവിന്ദമഹര്‍ഷി പ്രവചിച്ചിരുന്നു. അതിന്റെ തുടക്കമാണ് ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. ഭാരതം വെളിച്ചമാണ്. ആ വെളിച്ചം കെട്ടാല്‍ ലോകം ഇരുട്ടിലാകും. ഭാരതമെന്ന കെടാവിളക്ക് അണയാതിരിക്കാന്‍ പകരുന്ന നെയ്യാണ് ഓരോ വോട്ടും. ആ ധര്‍മ്മബോധമാകണം ഓരോ ഭാരതീയനും പ്രകടിപ്പിക്കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍