കേരളം ഭീകരവാദികളുടെ നഴ്സറി: നരേന്ദ്ര മോഡി

April 9, 2014 കേരളം

modi-pbകാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള സൌഹൃദമത്സരമാണു നടക്കുന്നതെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. കാസര്‍ഗോട്ട് ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിനായി മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വികസനസാധ്യതകള്‍ വിനിയോഗിക്കാത്ത കേരളം ഇന്നു ഭീകരവാദികളുടെ നഴ്സറിയായി മാറിയിരിക്കുന്നു. ഇതിനു കാരണം ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണമാണ്. കേരളത്തിലെ മുന്നണികളുടെ അവിശുദ്ധവും അലിഖിതവുമായ സഖ്യം ജനം തിരിച്ചറിയണമെന്നും മോഡി പറഞ്ഞു.

ഇടതുപക്ഷം ചുവന്ന കൊടിയുമായി പോകുമ്പോള്‍ യുഡിഎഫ് തണ്ണിമത്തന്‍ പോലെയാണ്. പുറം പച്ചയും അകം ചുവപ്പും. ഇത്രയും വിശാലമായ കടല്‍ത്തീരമുള്ള കേരളത്തിനു തങ്ങള്‍ക്കാവശ്യമുള്ള ഉപ്പുപോലും ഉത്പാദിക്കാനാവുന്നില്ല. ആയുര്‍വേദരംഗത്തും ടൂറിസം രംഗത്തും കേരളത്തിന് അനന്തസാധ്യതകളാണുള്ളത്. എന്നാല്‍, ഈ മേഖലകളിലൊന്നും ഒരു പരിധിക്കപ്പുറം വളരാന്‍ കേരളത്തിനായിട്ടില്ല. സമര്‍ഥരും കഠിനാധ്വാനികളുമായ യുവാക്കള്‍ ഇവിടെയുണ്ടായിട്ടും അവര്‍ക്കു തൊഴിലന്വേഷിച്ചു മറുനാടുകളിലേക്കു പോകേണ്ടിവരുന്നു. ഇന്നു പ്രവാസികളുടെ ബാങ്ക് ഡ്രാഫ്റ്റു കൊണ്ടാണു കേരളം നിലനില്‍ക്കുന്നത്.

ആന്റണിക്കെതിരേയും ശക്തമായ വിമര്‍ശനമാണു മോദി നടത്തിയത്. എ.കെ.ആന്റണിക്കെതിരേ മുമ്പു താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാണു മോഡി ആന്റണിക്കെതിരേ തിരിഞ്ഞത്. അതിര്‍ത്തി കടന്നു പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചപ്പോള്‍ പാര്‍ലമെന്റില്‍ പാക് സൈന്യത്തെ ന്യായീകരിച്ചു പ്രസ്താവന നടത്തിയ ആളാണ് ആന്റണി. ഇക്കാര്യം അന്നു പാക് മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

രാജ്യരക്ഷയുടെ കാര്യത്തില്‍ ഒരു ആത്മാര്‍ഥതയുമില്ലാത്ത സര്‍ക്കാരാണിത്. വ്യോമസേനയുടെ പക്കലുള്ള വിമാനങ്ങളിലും മറ്റു യുദ്ധോപകരണങ്ങളിലും 97 ശതമാനവും കാലഹരണപ്പെട്ടതാണ്. കരസേനയുടെ പക്കലാണെങ്കില്‍ യുദ്ധാവശ്യത്തിനു മതിയായ കവചിത വാഹനങ്ങളോ രാത്രികാലയുദ്ധത്തിനാവശ്യമായ വാഹന ങ്ങളോ ഇല്ല. പ്രതിരോധമന്ത്രിക്ക് ഇക്കാര്യത്തേക്കുറിച്ചു വല്ല അറിവുമുണ്ടോന്നും മോഡി ചോദിച്ചു.

തുടര്‍ച്ചയായി മുങ്ങിക്കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നതിനേത്തുടര്‍ന്നു ചരിത്രത്തിലാദ്യമായി രാജ്യത്തെ നാവികസേന മേധാവി രാജിവച്ചു. വിശാലമായ സമുദ്രാതിര്‍ത്തി ആരു കാത്തുരക്ഷിക്കും. നമ്മുടെ നിരവധി യുദ്ധവിമാനങ്ങളാണു അപകടത്തില്‍പ്പെട്ടത്. ആയിരക്കണക്കിനു കോടിരൂപയാണു ഇതുമൂലം രാജ്യത്തിനു നഷ്ടമായത്. പ്രതിരോധമന്ത്രി ഇതിനു ഉത്തരം പറയണം: മോഡി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം