സംസ്ഥാനത്ത് 74 ശതമാനം പോളിംഗ്

April 11, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 2009- ലെ ലോക്സഭാ തെരഞ്ഞടുപ്പിനേക്കാള്‍ അരശതമാനത്തിലേറെ വര്‍ധനയാണ് ഇത്തവണ കാണുന്നത്. വൈകുന്നേരം ആറിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 73.7 ശതമാനം പേരാണു വോട്ടു ചെയ്തത്. അതിനുശേഷം വോട്ടു ചെയ്തവരുടെ വിവരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ വോട്ടിംഗ് ശതമാനം 74 ശതമാനമോ അല്‍പം മുകളിലോ ആകുമെന്നാണു കണക്കുകൂട്ടുന്നത്. ഇന്ന് അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിടും.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെപ്പോലെ വടക്കന്‍ ജില്ലകളിലാണു രാവിലെ മുതല്‍ കനത്ത പോളിംഗ് നടന്നത്. വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത്. 81 ശതമാനം. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയ കണ്ണൂര്‍ മണ്ഡലം ഇക്കുറി 80.8 ശതമാനവുമായി വടകരയ്ക്കു തൊട്ടുപിന്നിലുണ്ട്. 65.9 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത പത്തനംതിട്ടയാണു പോളിംഗ് ശതമാനത്തില്‍ ഏറ്റവും പിന്നില്‍. കാസര്‍ഗോഡ്- 78, കണ്ണൂര്‍- 80.8, വടകര- 81, വയനാട്- 73.3, കോഴിക്കോട്- 79.6, മലപ്പുറം- 71.2, പൊന്നാനി- 73.9, പാലക്കാട്- 75.2, ആലത്തൂര്‍- 76.4, തൃശൂര്‍- 72, ചാലക്കുടി- 76.9, എറണാകുളം- 73.2, ഇടുക്കി- 70.7, കോട്ടയം- 71.4, ആലപ്പുഴ- 78.8, മാവേലിക്കര- 71.2, പത്തനംതിട്ട- 65.9, കൊല്ലം- 71.9, ആറ്റിങ്ങല്‍- 68.6, തിരുവനന്തപുരം- 68.6 എന്നിങ്ങനെയാണു പ്രാഥമിക കണക്കുകളനുസരിച്ച് കേരളത്തിലെ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകളില്‍ ഇനിയും നേരിയ വ്യതിയാനം വന്നേക്കാം. പോളിംഗ് ശതമാനം ഉയര്‍ന്നത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. പോളിംഗ് ശതമാനം ഉയര്‍ന്നത് ഇടതുമുന്നണിയെ തുണയ്ക്കുമെന്ന് എല്‍ഡിഎഫ് നേതാക്കളും പറയുന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ഫലമറിയാന്‍ 36 ദിവസം കാത്തിരിക്കണം. മേയ് 16നാണു വോട്ടെണ്ണല്‍.

വോട്ടെടുപ്പുമായി ബന്ധപ്പെട്ടു പലയിടങ്ങളിലും അക്രമങ്ങളുണ്ടായി. കണ്ണൂരില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകര്‍ത്തു. കള്ളവോട്ടുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവര്‍ പിടിയിലായി. വിവിധ സ്ഥലങ്ങളിലായി വോട്ടു ചെയ്യാന്‍ എത്തിയ മൂന്നു പേര്‍ കുഴഞ്ഞു വീണുമരിച്ചു. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നു മണിക്കൂറുകളോളം തെരഞ്ഞെടുപ്പു ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഈ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറിനുശേഷവും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കി. വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴു മുതല്‍ കനത്ത പോളിംഗാണു രേഖപ്പെടുത്തിയത്. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും അടക്കം പ്രമുഖ നേതാക്കളെല്ലാം ക്യൂ നിന്നു രാവിലെ തന്നെ വോട്ട് ചെയ്തു. മിക്കവാറും എല്ലാ സ്ഥാനാര്‍ഥികളും പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകളിലെത്തിയിരുന്നു. യന്ത്രത്തകരാറിനെത്തുടര്‍ന്നു വോട്ട് ചെയ്യാന്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന് അരമണിക്കൂറിലേറെ കാത്തു നില്‍ക്കേണ്ടി വന്നു. 11 മണിയോടെയാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ പുന്നപ്രയില്‍ വോട്ട് ചെയ്യാനെത്തിയത്. ഉച്ചയോടെ മൊത്തം വോട്ടര്‍മാരില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. രണ്ടു മണിയോടെ 53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. തെക്കന്‍ ജില്ലകളെ അപേക്ഷിച്ചു വടക്കന്‍ ജില്ലകളിലായിരുന്നു കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്കുശേഷം സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ മഴയെത്തിയതോടെ പോളിംഗ് മന്ദഗതിയിലായി. ഉച്ചയ്ക്കു ശേഷം മൂന്നിന് 57.03 ശതമാനം രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ കൊടുംചൂടിനിടയില്‍ പെയ്ത മഴ പോലെ വോട്ടിംഗ് ശതമാനവും തണുത്തു. വൈകുന്നേരം നാലിന് 63.9 ശതമാനത്തില്‍ മാത്രമെത്തിയപ്പോള്‍ സംസ്ഥാനത്തെ വോട്ടെടുപ്പ് 70 ശതമാനത്തില്‍ ഒതുങ്ങുമെന്ന സ്ഥിതി ജനിപ്പിച്ചു. അഞ്ചു മണിയോടെ വീണ്ടും വോട്ടിംഗ് ശതമാനം കുതിച്ചു. വൈകുന്നേരം 5.45ന്റെ കണക്കെത്തിയപ്പോള്‍ 73.2 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന കണക്കെത്തിയപ്പോള്‍ 75 ശതമാനം കടക്കുമെന്നു മുന്നണി നേതാക്കള്‍ പ്രതീക്ഷിച്ചു. അവസാനം 73.7 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചുവെന്ന കണക്ക് ലഭിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങളെല്ലാം രാത്രിയോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി, വന്‍ സുരക്ഷാ സംവിധാനത്തോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് 36 ദിവസം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍