പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടില്ല: സുപ്രീം കോടതി

April 11, 2014 ദേശീയം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് തപാല്‍വോട്ട് ഈ തെരഞ്ഞെടുപ്പില്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ട് അനുവദിക്കാനാവില്ല. തപാല്‍വോട്ട് അനുവദിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ നേരത്ത അറിയിച്ചിരുന്നു. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിക്കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞത്. ഓണ്‍ലൈന്‍ വോട്ട് എന്ന ആശയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് കമ്മിഷന്‍ കോടതിയിലറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

തപാല്‍വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. അതിന് സമയം എടുക്കും. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ട് പരിഗണിക്കാമെന്ന കമ്മീഷന്‍ വാദം അംഗീകരിച്ച് കോടതി നിലപാടെടുക്കുകയായിരുന്നു. കേരളത്തിലും ഡല്‍ഹിയിലും തപാല്‍വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞതിനാല്‍ ഹര്‍ജിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇപ്പോഴുള്ള ഹര്‍ജി ഭേദഗതി ചെയ്ത് നിര്‍ദേശം സമര്‍പ്പിക്കുകയോ പുതിയ ഹര്‍ജി സമര്‍പ്പിക്കുകയോ വേണമെന്ന് ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം