എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം 24 ന് മുമ്പ് നടക്കും

April 13, 2014 കേരളം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം ശനിയാഴ്ച അവസാനിച്ചു. 24നോ അതിനുമുമ്പോ ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയുമാണ് ഫലപ്രഖ്യാപനം യഥാസമയം നടത്തുന്നത്.

54 ക്യാമ്പുകളിലായി 13000 -ഓളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസ്സിനും പോളിങ്ങിനും പോയവര്‍ക്ക് ഈ സമയത്തിന് ആനുപാതികമായി കൂടുതല്‍ സമയം ക്യാമ്പില്‍ ചെലവഴിക്കേണ്ടിവന്നു. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്ക് അപ്ലോഡ് ചെയ്യുകയാണ്. മോഡറേഷന്‍ ഇക്കുറിയും ഉണ്ടാകില്ല. 2005 ന് ശേഷം മോഡറേഷന്‍ നല്‍കാറില്ല. വിജയശതമാനം സംബന്ധിച്ച തീരുമാനമായില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ 90 ശതമാനത്തിന് മേല്‍ കാണുമെന്നാണ് കരുതുന്നത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നുവരികയാണ്. മെയ് 15 ന് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം വരുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായ അവധിമൂലം മൂല്യനിര്‍ണയം ഇടയ്ക്ക് തടസ്സപ്പെട്ടു. എട്ടിന് ചൊവ്വാഴ്ച അടച്ച ക്യാമ്പ് ഇനി 21 നേ പുനരാരംഭിക്കൂ. തിരഞ്ഞെടുപ്പും അടുത്തയാഴ്ചയിലെ തുടര്‍ അവധികളുമാണ് കാരണം. ഇടയ്ക്ക് 16നും 19നും ഓരോ പ്രവര്‍ത്തിദിവസം വരുമെങ്കിലും രണ്ടുദിവസത്തേക്ക് അധ്യാപകര്‍ക്കായി 75 ലക്ഷം രൂപ ഡി.എ. ഇനത്തില്‍ വേണ്ടിവരും. ഇതുമൂലം ക്യാമ്പ് 21 ന് തുടങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

ഇതുവരെ 60 ശതമാനം പേപ്പറിന്റെ മൂല്യനിര്‍ണയമെ കഴിഞ്ഞിട്ടുള്ളൂ. 53 വിഷയ കോമ്പിനേഷനുകളുള്ളതിനാല്‍ മൂല്യനിര്‍ണയം സങ്കീര്‍ണമാണ്. 67 കേന്ദ്രങ്ങളിലായി 15000 അധ്യാപകരാണ് ഉത്തരക്കടലാസ് നോക്കുന്നത്. ഇരട്ടമൂല്യനിര്‍ണയമുള്ള ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷം മെയ് 10 നായിരുന്നു ഫലപ്രഖ്യാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം