സാമൂഹികബോധത്തില്‍ കേരളീയര്‍ പിന്നോട്ട്

April 13, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ed-keralaകേരളം പലരംഗങ്ങളിലും ലോകനിലവാരത്തിലാണെന്ന് വീമ്പിളക്കുന്നത് ശരിയാണോ എന്നകാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ് പരിസരശുചീകരണത്തെയും പരിസ്ഥിതി ബോധത്തെയും സംബന്ധിച്ച മലയാളിയുടെ ചെയ്തികള്‍. വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ മുന്‍തൂക്കം നല്‍കുന്ന മലയാളികള്‍ അതിന്റെ നൂറിലൊന്നുപോലും പ്രാധാന്യം പരിസരശുചിത്വത്തിന് നല്‍കുന്നില്ല എന്നത് കുറ്റകരവും സമൂഹത്തോടു ചെയ്യുന്ന അപരാധവുമാണ്. തിരുവനന്തപുരം നഗരത്തിലൂടെ നടന്നാല്‍ കാണാന്‍ കഴിയുന്നത് എവിടെയും മാലിന്യങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കവറുകളാണ്. ചിലസ്ഥലങ്ങളില്‍ ചാക്കുകെട്ടുകള്‍ തന്നെ ദൃശ്യമാണ്.

ആഹാരാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ ആഹാരവും അടുക്കളയില്‍ നിന്നുള്ള അവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യവുമൊക്കെ ഉപേക്ഷിക്കാനുള്ള സ്ഥലമായാണ് റോഡുവക്കുകളെ കാണുന്നത്. പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പുരാവസ്തുവായി സൂക്ഷിക്കുന്ന് കരിങ്കല്‍ മതിലിന്റെ ചുവട്ടില്‍ പോലും ലോറിക്കണക്കിന് മാലിന്യങ്ങളാണ് കുന്നുകൂട്ടുന്നത്. സമൂഹത്തില്‍ മാന്യന്‍മാരെന്നു കരുതുന്നവരും മാന്യതയുടെ മുഖംമൂടിയിട്ടവരുമൊക്കെ ലക്ഷക്കണക്കിന് വിലവരുന്നകാറുകളിലും സ്‌കൂട്ടറുകളിലുമെത്തി ഇരുളിന്റെ മറവിലാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇതിലൂടെ കേരളം രോഗാതുരമായ ഒരു സമൂഹത്തെയാണ് സൃഷ്ട്രിക്കുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.

ഓരോ വ്യക്തിയും കുടുംബവും വിചാരിക്കുകയാണെങ്കില്‍ മാലിന്യപ്രശ്‌നത്തിന്റെ മുക്കാല്‍ പങ്കും പരിഹരിക്കാന്‍ കഴിയും ആഹാരാവശിഷ്ടങ്ങളും മറ്റും അല്പം സ്ഥലമുള്ളവര്‍ക്ക് വീടുകളില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. പക്ഷേ നാലും അഞ്ചും സ്ഥലമുള്ളവര്‍ പോലും ആ സ്ഥലംമുഴുവന്‍ നിറഞ്ഞുനില്‍ക്കത്തക്കവണ്ണം വീടുവയ്ക്കുകയും പിന്നീട് ബാക്കിഭാഗം മുഴുവന്‍ കോണ്‍ക്രീറ്റ് ഇട്ട് മണ്ണുകണാത്ത അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലേക്ക് ഒരിറ്റുവെള്ളം കിനിഞ്ഞിറങ്ങാന്‍ അനുവദിക്കാത്ത ഹൃദയശൂന്യരായി മാറുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്ലെങ്കില്‍ റോഡുവക്ക് തന്നെയാണ് ശരണം.

പ്ലാസ്റ്റിക് കവറുകളുടെ സ്ഥാനത്ത് പരിസ്ഥിതി സൗഹൃദ കവറുകള്‍ വന്നെങ്കിലും പ്ലാസ്റ്റിക് കവറുകളില്‍ തന്നെയാണ് ഇപ്പോഴും റോഡുവക്കില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിന് ഒരു കവര്‍ കൈയില്‍ സൂക്ഷിച്ചാല്‍ തന്നെ കേരളത്തില്‍ ഒരു ദിവസം ലക്ഷക്കണക്കിന് കവറുകള്‍ വീടുകളില്‍ വരുന്നത് ഒഴിവാക്കാന്‍ കഴിയും. വെയിലത്ത് ഉണക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ അത്തരത്തില്‍ ചെയ്ത് വൃക്ഷങ്ങളുടെ ഇലയും മറ്റും ചേര്‍ത്ത് വൈകുന്നേരം പുകച്ചാല്‍ തന്നെ കൊതുകിനും ശമനമാകും.

ഇത്തരത്തില്‍ വ്യക്തികളും കുടുംബങ്ങളും മാലിന്യനിര്‍മാര്‍ജ്ജനക്കാര്യത്തില്‍ അല്പം ശുഷ്‌കാന്തി പുലര്‍ത്തിയാല്‍ റോഡുവക്കില്‍ ഇന്നത്തെ പോലെ മാലിന്യങ്ങള്‍ വലിച്ചെറിയേണ്ടി വരില്ല. ഒന്നിനും സമയമില്ലെന്നു പറഞ്ഞ് നെട്ടോട്ടമോടുന്നവര്‍ ഒരു പനിവന്നാല്‍ എത്രദിവസമാണ് പാഴാകുന്നതെന്ന് ഓര്‍ക്കാറില്ല. സാക്ഷര കേരളം എന്ന പദത്തിന് അല്പമെങ്കിലും അര്‍ഹരാകണമെങ്കില്‍ മാലിന്യം റോഡുവക്കില്‍ വലിച്ചെറിയുന്ന അധാര്‍മ്മികതയില്‍ നിന്ന് പിന്തിരിഞ്ഞേ മതിയാകൂ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍