‘ടോട്ടല്‍ ഫോര്‍ യു’ കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി

April 21, 2014 കേരളം

Sabarinath-01തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു.

കീഴടങ്ങിയ ശബരീനാഥിനെ കോടതി മേയ് അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. തന്റെ ജീവനു ഭീഷണിയുണെ്ടന്നും തന്നെ സെന്‍ട്രല്‍ ജയിലിലേക്കേ മാറ്റാവൂ എന്നും ആവശ്യപ്പെട്ട് ശബരീനാഥ് ഹര്‍ജി നല്കി. ഹര്‍ജി റിമാന്‍ഡ് കാലാവധി കഴിഞ്ഞേ പരിഗണിക്കൂ. തന്റെ കൂട്ടുപ്രതികള്‍ തന്നെ ചതിക്കുകയായിരുന്നു. താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും ഇത്രയുംകാലം ഹിമാലയത്തിലായിരുന്നുവെന്നും ശബരീനാഥ് മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് നടന്നത്. ഇരുന്നൂറു കോടി രൂപയാണ് ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരീനാഥ് തട്ടിയെടുത്ത്. ചലച്ചിത്രതാരങ്ങള്‍, ബിസിനസുകാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 2008 ഓഗസ്റ്റ് ഒന്നിന് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് ശബരീനാഥിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം