ഇന്ദിരാഭവന്‍ കണ്ണീരില്‍ കുതിര്‍ന്നു

December 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെ.കരുണാകരന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിലേക്ക്‌ വന്‍ ജനപ്രവാഹം. രാവിലെ എട്ടരയോടെയാണു മൃതദേഹം പുഷ്‌പാലംകൃതമായ പ്രത്യേകവാഹനത്തില്‍ വസതിയായ തൈക്കാട്ടെ കല്യാണിയില്‍ നിന്നും ഇന്ദിരാഭവനിലേക്ക്‌ കൊണ്ടു പോയത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി ചിദംബരവും അടക്കമുള്ള നേതാക്കള്‍ ഇവിടെയെത്തി ആദരാഞ്‌ജലി അര്‍പ്പിച്ചു. സോണിയ ഗാന്ധി എത്തുന്നതുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഇന്ദിരാഭവനിലേക്കു കടത്തിവിട്ടിരുന്നില്ല.
ആയിരക്കണക്കിന്‌ ആളുകളാണ്‌ കെപിസിസി ആസ്‌ഥാന പരിസരത്ത്‌ രാവിലെ ആറുമണി മുതല്‍ തടിച്ചു കൂടിയിരുന്നത്‌. ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമെന്നാണു നേതൃത്വം അറിയിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ നിശ്‌ചയിച്ചിരുന്നതിനെക്കാള്‍ വൈകി മാത്രമേ മൃതദേഹം ദര്‍ബാര്‍ ഹാളിലേക്കു കൊണ്ടു പോകുകയുള്ളു. ഇന്നലെ രാത്രി ഏഴരയോടെ തൈക്കാട്ടെ വസതിയായ കല്യാണിയില്‍ എത്തിച്ച ലീഡറുടെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം