ബ്രാഹ്മമുഹൂര്‍ത്തം – കവിത

May 23, 2014 ഗുരുവാരം,സനാതനം

brahmamuhurtham-pbജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികള്‍
അവലംബം: പാദപൂജ

ബ്രാഹ്മമൂഹൂര്‍ത്തം! പ്രകൃതിതന്‍ ചൈതന്യ-
പൂര്‍ണമാമാത്മീയയാമം
ശുദ്ധിതന്‍ രൂപമായ് സ്ഥൂലപ്രപഞ്ചത്തി-
ലെന്നുമുദിക്കും മുഹൂര്‍ത്തം
രാവിന്റെയന്തിമഭാഗത്തിലെത്തുന്ന
ബ്രഹ്മപ്രതീകമാം യാമം
വൈരാഗ്യയോഗികളാനന്ദനിര്‍വൃതി
തേടിടും ധന്യമുഹൂര്‍ത്തം
ശുദ്ധാത്മചൈതന്യഗന്ധം പരത്തുന്ന
പൂജ്യമാം ദൈവീകയാമം
ആമ്‌നായസാരമാമോങ്കാരനാദത്തെ-
യോമനിച്ചീടും മുഹൂര്‍ത്തം
വിജ്ഞാനദാഹികള്‍ക്കാശ്രയമായിടും
ശുദ്ധസരസ്വതീയാമം
പുണ്യാര്‍ഷഭാരതദര്‍ശനമൂല്യങ്ങള്‍
പൂവണിഞ്ഞീടും മുഹൂര്‍ത്തം
അദ്വൈതത്ത്വമാം ജീവപരമാത്മ-
യോഗമാമാനന്ദയാമം
ഐഹികലോകവുമദ്ധ്യാത്മലോകവു-
മൊന്നുചേര്‍ന്നീടും മുഹൂര്‍ത്തം
സുന്ദരസൂനങ്ങള്‍ മന്ദം വിടരുന്ന
സ്വര്‍ഗീയമോഹനയാമം
മുദ്ധാംഗിയാകുമുഷസ്സിനു നിത്യവും
ജന്മമൊരുക്കും മുഹൂര്‍ത്തം
മന്ദാകിനീ തീര്‍ഥപുണ്യവര്‍ഷോപമം
മഞ്ഞുപൊഴിയുന്ന യാമം
മായികലോകത്തില്‍ മായം കലരാത്ത
മംഗളദിവ്യമുഹൂര്‍ത്തം
സത്ത്വഗുണങ്ങളാല്‍ സമ്പുഷ്ടമായൊരു
സൗമ്യസുശീതളയാമം
ധന്യപ്രകൃതിതന്‍ വിസ്മയഭാവമാം
ഗംഭീരശാന്തമുഹൂര്‍ത്തം

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം