2ജി: പ്രധാനമന്ത്രി തെളിവെടുപ്പിനു ഹാജരാകും

December 27, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ തെളിവെടുപ്പിനു ഹാജരാകാന്‍ തയാറാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിറ്റി ചെയര്‍മാന്‍ ബിജെപി നേതാവ്‌ മുരളീ മനോഹര്‍ ജോഷിക്കു പ്രധാനമന്ത്രിയുടെ ഓഫിസ്‌ കത്തയച്ചു. പിഎസി മുന്‍പാകെ ഹാജരാകാന്‍ തയാറാണെന്നു നേരത്തെ തന്നെ മന്‍മോഹന്‍ സിങ്‌ വ്യക്‌തമാക്കിയിരുന്നു. അതിന്റെ തുടര്‍ നടപടിയായാണ്‌ ഇന്നു കത്തയച്ചത്‌.
അതേസമയം, 2ജി സ്‌പെക്‌ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടം ഉണ്ടായി എന്നു റിപ്പോര്‍ട്ട്‌ നല്‍കിയ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ്‌ റായ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി മുന്‍പാകെ തെളിവെടുപ്പിനു ഹാജരായി. പിഎസി മുന്‍പാകെ രാവിലെ 11 മണിയോടെയാണ്‌ സിഎജി റായ്‌ ഹാജരായത്‌. തെളിവെടുപ്പ്‌ ഇന്നു മുഴുവന്‍ നീളുമെന്നാണു സൂചന. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ മുന്‍ ടെലികോം മന്ത്രി എ.രാജ രാജിവച്ചത്‌. സിഎജിയുടെ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനമാക്കിയാണു പ്രതിപക്ഷം സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട്‌ പാര്‍ലമെന്റ്‌ ബഹിഷ്‌കരിക്കുകയും 2ജി സ്‌പെക്‌ട്രം ഇടപാടിനെ സ്വതന്ത്ര ഇന്ത്യ കണ്ട എറ്റവും വലിയ കുംഭകോണമായി ചിത്രീകരിക്കുകയും ചെയ്‌തത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം