ദര്‍ശനപുണ്യമായി മണ്ഡലപൂജ

December 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ശബരിമല: 41 ദിവസത്തെ മണ്ഡല തീര്‍ത്ഥാടനത്തിന്‌ പരിസമാപ്‌തി കുറിച്ച്‌ ശബരിമലയില്‍ നടന്ന മണ്ഡലപൂജ ഭക്‌തര്‍ക്ക്‌ ദര്‍ശനപുണ്യമായി. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടേമുക്കാലോടെ നടന്ന മണ്ഡലപൂജ ഭക്‌തിയുടെ പരകോടിയിലെത്തിയ ഭക്‌തര്‍ക്ക്‌ സുകൃതദര്‍ശനമായി. മണ്ഡലപൂജയുടെ ചടങ്ങുകള്‍ രാവിലെ പതിനൊന്ന്‌ മണിയോടെ സന്നിധാനത്ത്‌ ആരംഭിച്ചിരുന്നു.
തന്ത്രി കണ്‌ഠരര്‌ രാജീവരുടേയും മേല്‍ശാന്തി ശശിനമ്പൂതിരിയുടേയും മുഖ്യകാര്‍മികത്വത്തിലായിരുന്നു മണ്ഡലപൂജ. രാവിലെ 10 മണിയോടെ കലശപൂജ ആരംഭിച്ചു. കിഴക്കേമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്‌ കലശപ്പൂജയും കളഭപൂജയും നടന്നത്‌. കളഭം പൂജിച്ച്‌ സ്വര്‍ണ്ണകലശത്തില്‍ അടക്കം ചെയ്‌ത്‌ പൂജനടത്തി നീരാഞ്‌ജനമുഴിഞ്ഞു. മണ്ഡലപൂജയ്‌ക്ക്‌ മുന്നോടിയായി വിഗ്രഹത്തില്‍ ഇരുപത്തിയഞ്ച്‌ കലശമാടി അയ്യപ്പസ്വാമിയെ സ്‌നാനം ചെയ്‌തു. തുടര്‍ന്ന്‌ മേല്‍ശാന്തി എഴീക്കോട്‌ ശശിനമ്പൂതിരി കളഭം അടങ്ങിയ ബ്രഹ്മകലശം ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം നടത്തി ശ്രീകോവിലില്‍ എത്തിച്ചു.
തുടര്‍ന്ന്‌ ഉച്ചപ്പൂജയുടെ മധ്യാഹ്നത്തില്‍ തങ്ക അങ്കിചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തില്‍ കലശങ്ങള്‍ അഭിഷേകംചെയ്‌ത്‌ ദീപാരാധന നടത്തിയതോടെ ഈ വര്‍ഷത്തെ മണ്ഡലപൂജ സമാപിച്ചു. ഉച്ചപ്പൂജയ്‌ക്ക്‌ശേഷം അടച്ച തിരുനട വൈകിട്ട്‌ അഞ്ചിന്‌ വീണ്ടും തുറന്ന്‌ രാത്രി പത്ത്‌ മണിക്ക്‌ ഹരിവരാസനത്തോടെ അടയ്‌ക്കുന്നതോടെ ഈവര്‍ഷത്തെ മണ്ഡല മഹോത്സവത്തിന്‌ പരിസമാപ്‌തിയാകും. ഇന്ന്‌ രാവിലെ പതിനൊന്ന്‌ മണിയോടെ ഈ തീര്‍ത്ഥാടന കാലത്തെ നെയ്യഭിഷേകം നിറുത്തിവച്ചിരുന്നു. മകരവിളക്ക്‌ മഹോത്സവത്തിനായി 30 ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ വീണ്ടും നടതുറക്കും.
14 നാണ്‌ മകരവിളക്ക്‌. അന്നു വൈകിട്ടാണ്‌ മകരസംക്രമപൂജയും. 18 ന്‌ കളഭവും 19 ന്‌ മാളികപ്പുറത്തെ ഗുരുതിയും നടക്കും. അന്നുവരെമാത്രമേ ഭക്‌തര്‍ക്ക്‌ ദര്‍ശനമുള്ളൂ. 20 ന്‌ രാവിലെ ഏഴ്‌ മണിക്ക്‌ നടയടച്ച്‌ പന്തളം രാജാവ്‌ മടങ്ങുന്നതോടെ ഒരു തീര്‍ത്ഥാടന കാലത്തിനുകൂടി പരിസമാപ്‌തിയാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം