ശമ്പളം 15 ശതമാനം വരെ കൂടും

December 28, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്തു മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ധനയ്‌ക്കു കമ്മിഷന്‍ ശുപാര്‍ശ ചെയ്യുമെന്നറിയുന്നു. അഞ്ചര ലക്ഷത്തോളം ജീവനക്കാര്‍ക്ക്‌ ആനുകൂല്യം ലഭിക്കും. റിപ്പോര്‍ട്ട്‌ വെള്ളിയാഴ്‌ചയ്‌ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു കമ്മിഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ ആര്‍. രാജേന്ദ്രബാബു പറഞ്ഞു.
ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കാണു 10% വര്‍ധന. ഇവരുടെ അടിസ്‌ഥാന ശമ്പള സ്‌കെയില്‍ 8500 രൂപയാക്കി ഉയര്‍ത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്‌. 30 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കായിരിക്കും 15 ശതമാനം വര്‍ധന ലഭിക്കുക. സര്‍വീസ്‌ പരിഗണിച്ചാണ്‌ അടിസ്‌ഥാന ശമ്പളം നിശ്‌ചയിക്കുക. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ആറു ശതമാനം വര്‍ധനയാണു ശുപാര്‍ശ ചെയ്‌തിരുന്നത്‌. ആ റിപ്പോര്‍ട്ട്‌ അതുപോലെതന്നെ അന്നു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ കൂടൂതല്‍ വര്‍ധന വരുത്തുമോയെന്നു ജീവനക്കാര്‍ ഉറ്റുനോക്കൂന്നുണ്ട്‌. പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാരിന്‌ 2000 കോടിയിലേറെ രൂപയുടെ അധിക ബാധ്യത വേണ്ടിവരുമെന്നു കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്‌. ആകെ 27 സ്‌കെയിലുകളാണു ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ ഇത്‌ 28 ആക്കണമെന്ന നിര്‍ദേശം കമ്മിഷനിലെ തന്നെ ചിലര്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ പ്രാവശ്യം 24 ശമ്പള സ്‌കെയിലുകളായിരുന്നു.
പുതുക്കിയ ശമ്പളം 2011 ഏപ്രില്‍ ഒന്നുമുതല്‍ നല്‍കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്‌. മേയില്‍ പുതിയ ശമ്പളം ലഭ്യമാകും. 2009 ജൂലൈ ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണത്തിനു മുന്‍കാല പ്രാബല്യം നല്‍കുമെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അന്നു മുതലുള്ള 64% ക്ഷാമബത്ത പുതുക്കിയ ശമ്പളത്തില്‍ ലയിപ്പിക്കും. അതുവരെയുള്ള കുടിശിക എന്തു ചെയ്യണമെന്നു സര്‍ക്കാര്‍ പിന്നീടു തീരുമാനിക്കും. വീട്ടുവാടക അടക്കമുള്ള അലവന്‍സിലും കാര്യമായ വര്‍ധനയ്‌ക്കു ശുപാര്‍ശയുണ്ട്‌. പാര്‍ട്‌ ടൈം ജീവനക്കാര്‍ക്കും ഇക്കുറി ആദ്യമായി പ്രത്യേക സ്‌കെയില്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നു ധനവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സര്‍വകലാശാലകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടും ഇതിനൊപ്പം നല്‍കാനാണ്‌ ആലോചന. ജൂഡീഷ്യല്‍ സര്‍വീസ്‌, ജല അതോറിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട്‌ അടുത്ത മാസം സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം