ലോട്ടറി ക്രമക്കേട്‌: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

December 28, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലോട്ടറി പ്രശ്‌നത്തില്‍ അടിയന്തിര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. അന്യസംസ്‌ഥാന ലോട്ടറി ക്രമക്കേടില്‍ സിബിഐ അന്വേഷണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനു കത്തയച്ചതു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു വി.ഡി.സതീശന്‍ എംഎല്‍എ ആണ്‌ അടിയന്തര പ്രമേയത്തിനു നോട്ടീസ്‌ നല്‍കിയത്‌.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലോട്ടറി മാഫിയ 80,000 കോടി രൂപ കേരളത്തില്‍ നിന്നു കടത്തിയതായി മുഖ്യമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാലു വര്‍ഷവും ലോട്ടറി വകുപ്പ്‌ കൈകാര്യം ചെയ്‌ത ധനമന്ത്രിക്കാണെന്നും ഈ സാഹചര്യത്തില്‍ തോമസ്‌ ഐസക്‌ രാജിവയ്‌ക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രത്തിനു കത്തയച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 80,000 കോടിയുടെ ക്രമക്കേട്‌ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനു കത്തയച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ പ്രധാനമന്ത്രിക്കു കത്തയച്ചത്‌. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്നു കരുതേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം