27 പാക്‌ ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ അഭയം തേടി

December 28, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താനില്‍നിന്നുള്ള 27 ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും വധിക്കുന്നതും പ്രവിശ്യയില്‍ നിത്യസംഭവമായിത്തീര്‍ന്ന സാഹചര്യത്തിലാണിത്‌. 27 കുടുംബങ്ങള്‍ രാഷ്ട്രീയാഭയത്തിനായി ഇന്ത്യന്‍ എംബസിയിലേക്ക്‌ അപേക്ഷ അയച്ചതായി പാക്‌ മനുഷ്യാവകാശ മന്ത്രാലയഅധികൃതരെ ഉദ്ധരിച്ച്‌ ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.
ബലൂചിസ്‌താനില്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ കഴിഞ്ഞുവരുന്നുണ്ടെങ്കിലും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്‌ത സംഭവങ്ങളുണ്ടായത്‌ അടുത്ത കാലത്താണ്‌. ബലൂചിസ്‌താനില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വന്‍തോതില്‍ നടക്കുന്നതായി മനുഷ്യാവകാശമന്ത്രാലയം മേഖലാ ഡയരക്ടര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ വെളിപ്പെടുത്തി.
പ്രവിശ്യയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിനുവേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന നൂറിലേറെ സംഘങ്ങള്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്നതായി ഹസാര ഡെമോക്രാറ്റിക്‌ ചെയര്‍മാന്‍ അബ്ദുള്‍ഖാലിദ്‌ ഹസാര പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍