ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 111-ാം ജയന്തി ആഘോഷവും ഹനുമദ്‌ പൊങ്കാലയും ജനുവരി രണ്ടിന്‌

December 29, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും കലിയുഗത്തില്‍ ത്രേതായുഗധര്‍മ്മത്തെ പ്രതിഷ്‌ഠിച്ചും കലിയുഗധര്‍മ്മത്തെ നിര്‍വഹിച്ചും സാധനാവൃത്തി അനുഷ്‌ഠിച്ചും ആത്മനിര്‍വൃതി നേടിയ മഹാപ്രഭു ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 111-ാം ജയന്തി 2011 ജനുവരി 2ന്‌ (1186 ധനു 18ന്‌) ഞായറാഴ്‌ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുകയാണ്‌.
ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന്‌ ആരാധനയ്‌ക്കുശേഷം അഹോരാത്ര രാമായണപാരായണവും അഖണ്ഡനാമജപയജ്ഞവും ആരംഭിക്കും 7.30ന്‌ ലക്ഷാര്‍ച്ചന, 8ന്‌ കഞ്ഞിസദ്യ, 10ന്‌ സര്‍വ്വാപത്ത്‌ നിവാരണത്തിനും സര്‍വൈശ്വര്യത്തിനുമായി ശ്രീമദ്‌ ഹനുമദ്‌ പൊങ്കാല, ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അമൃതഭോജനം, വൈകുന്നേരം 6ന്‌ സംഗീതാര്‍ച്ചന, രാത്രി 8ന്‌ ഭജന, 8.30ന്‌ ആരാധന.
വൈകുന്നേരം 5ന്‌ നടക്കുന്ന ജയന്തിദിനസമ്മേളനം വിശ്വഹിന്ദു പരിഷത്ത്‌ അന്തര്‍ദ്ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എസ്‌.വേദാന്തം ഉദ്‌ഘാടനം ചെയ്യും.`ഗുരുപാദരെ അറിയുക’ എന്ന ലഘുഗ്രന്ഥത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.അഡ്വ.എം.എ.വാഹിദ്‌ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍മാരായ ജി.വിനോദ്‌, എസ്‌.വിമലകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തിദിന സന്ദേശം നല്‍കും. തുടര്‍ന്ന്‌ സംഗീതാര്‍ച്ചന. വെളുപ്പിന്‌ 3.30ന്‌ ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ക്ക്‌ സമാപനം കുറിക്കുമെന്ന്‌ ശ്രീരാമദാസ ആശ്രമം വക്താവ്‌ ബ്രഹ്മചാരി ഭാര്‍ഗവരാം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം