പാദപൂജ – സാധകനും മനസ്സും

January 1, 2011 സനാതനം

അധ്യായം – 2

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

മനോനിയന്ത്രണം

“മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ:
ബന്ധായ വിഷയാസക്തം മുക്തൈ്യ നിര്‍വിഷയം സ്‌മൃതം”.
`ബന്ധമോക്ഷങ്ങള്‍ക്കുകാരണം മനുഷ്യരുടെ മനസ്സുതന്നെയാണ്‌. വിഷയാസക്തമായ മനസ്സ്‌ ബന്ധത്തിനും നിര്‍വിഷയമായ മനസ്സ്‌ മോക്ഷത്തിനും കാരണമാണെന്നറിയണം’.
അന്ത:കരണവൃത്തിയോഗത്തിലൂടെ അവിഛിന്നം പ്രവഹിക്കുന്ന കര്‍മവാഹിനി അണുവിലാരംഭിച്ച്‌ അവ്യക്തംവരെ ചെന്നത്തുന്ന വിവിധമണ്ഡലങ്ങളെ തരണം ചെയ്യുന്നു. പ്രപഞ്ചസൃഷ്‌ടിക്കും ഘടനക്കും ആദ്യന്തബന്ധം നിലനിര്‍ത്തുന്നതും കര്‍മങ്ങളെ വ്യവഛേദിക്കുന്നതും മനസ്സെന്ന മഹാപ്രതിഭാസത്തിലൂടെയാണ്‌. ജീവന്‌ അനുസ്യൂതം സംഭവിക്കുന്ന വസ്‌തുബന്ധങ്ങളും ആസക്തിയും മനസ്സിനെ വിഷയവതിയാക്കുന്നതിനു കാരണമായിത്തീരുന്നു. നിര്‍വിഷയമായ മനസ്സ്‌ ദു:ഖമോചനത്തിനും ദുര്‍ഘടവിഷയനിവൃത്തിക്കും അത്യന്താപേക്ഷിതമാണെന്ന്‌ ആചാര്യന്മാര്‍ ഉറക്കെ പ്രസ്‌താവിക്കുന്നു.
വസ്‌തുബോധമില്ലാത്ത മനോവ്യാപാരം ഉണ്ടെന്നുപറയാന്‍ നിര്‍വാഹമില്ല. ഈശ്വരാഭിമുഖമായ ചിന്ത ശുദ്ധവും വിഷയനിര്‍മുക്തവുമാകുന്നു. ഇന്ദ്രിയവിഷയാസക്തമായ വസ്‌തുക്കളോട്‌ ബന്ധപ്പെട്ട്‌ ജീവനുണ്ടാക്കുന്ന ഗുണാസക്തി വിഷയകലുഷിതവും പുനര്‍ജ്ജന്മത്തിനും ബന്ധത്തിനും കാരണവുമായിത്തീരുന്നു. മനസ്സിനെ ചര്‍ച്ചചെയ്‌തും സംശുദ്ധമാക്കിയും മുക്തിനേടുവാനുള്ള ആഹ്വാനം ഉപനിഷത്തുകളിലെ മുഖ്യവിഷയമായിത്തീര്‍ന്നിട്ടുണ്ട്‌. ജീവന്റെ ബന്ധകാരണം മനസ്സാണെന്നു സമര്‍ത്ഥിക്കുന്നതില്‍ ഇത്രയേറെ ജാഗ്രതകാണിച്ചിട്ടുള്ള ചര്‍ച്ച മറ്റു മതങ്ങളിലോ ഇതരസാഹിത്യശാഖകളിലോ ശാസ്‌ത്രനിര്‍വചനത്തിലോ ഉള്ളതായി കാണുന്നില്ല. മോക്ഷകാംക്ഷികളായ മഹാമനീഷികളുടെ പ്രത്യക്ഷവും പരോക്ഷവുമായ സങ്കല്‌പങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കുന്നതിനും അതിലൂടെ ജീവനെ ബന്ധമുക്തമാക്കുന്നതിനും വേണ്ടിയുള്ളതാണ്‌. വായുവിനെ ബന്ധിക്കുന്നതിനേക്കാള്‍ വിഷമമേറിയതാണ്‌ മനസ്സിനെ നിയന്ത്രിക്കുന്നതെന്ന്‌ അവര്‍ പ്രസ്‌താവിക്കുന്നു. ചതുര്‍വേദങ്ങള്‍, ബ്രഹ്മബിന്ദുപനിഷത്ത്‌, മുക്തികോപനിഷത്ത്‌, മാണ്ഡൂക്യോപനിഷത്ത്‌, ഛാന്ദോഗ്യോപനിഷത്ത്‌, ബൃഹദാരണ്യകോപനിഷത്ത്‌, മൈത്രാണ്യുപനിഷത്ത്‌, തോജോബിന്ദുപനിഷത്ത്‌, മനുസ്‌മൃതി, രാമായണം. ഹഠയോഗപ്രദീപിക, ഭാഗവതമഹാപുരാണം, ഭഗവത്‌ഗീത, യോഗ വാസിഷ്‌ഠം, വിവേകചൂഡാമണി, ബ്രഹ്മസൂത്രം എന്നുതുടങ്ങി മഹാസമുദ്രംപോലെ വ്യാപിച്ചുകിടക്കുന്ന ഹൈന്ദവതത്ത്വശാസ്‌ത്രപ്രസ്ഥാനങ്ങളില്‍ പ്രമുഖചര്‍ച്ചാവിഷയമായിത്തീര്‍ന്നിട്ടുള്ളത്‌ മനസ്സാണെന്നോര്‍മ്മിക്കുമ്പോള്‍ മനോനിയന്ത്രണത്തിനുള്ള ശ്രദ്ധ എത്രകണ്ടാവശ്യമാണെന്ന്‌ ചിന്തിക്കേണ്ടതാണ്‌. ദേശകാലാനുസരണമായി ചര്‍ച്ചചെയ്യപ്പെടുന്ന സര്‍വവിഷയങ്ങളും മനസ്സിനെ കേന്ദ്രമാക്കി നിബന്ധിക്കപ്പെട്ടിരിക്കുന്നു. ചതുഷ്‌പാദത്തോടുകൂടിയ പ്രപഞ്ചസങ്കല്‌പവും മനസ്സിനെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ചര്‍ച്ചചെയ്യാവുന്നതല്ല. ആത്മവൃത്തിയുടെ അതീവപ്രസന്നവും പ്രോജ്ജ്വലിതവുമായ അവസ്ഥാവിശേഷം ചര്‍ച്ചചെയ്യുന്നതില്‍ മനസ്സെന്ന മഹാസങ്കല്‌പത്തെ അവഗണിക്കാനാവുകയില്ല.
മനസ്സിനെ നിയന്ത്രിക്കുകയും നിര്‍വിഷയമാക്കുകയും ചെയ്യുന്നതിനുപയുക്തമായ മാര്‍ഗങ്ങള്‍ അതീവവിദഗ്‌ദ്ധമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. മനസ്സ്‌ നിര്‍വിഷയമാകുന്നതോടുകൂടി ആഗ്രഹനിവൃത്തിയുണ്ടാകും. തന്മൂലം വസ്‌തുബന്ധമില്ലാതായിത്തീരുന്നു. ആഗ്രഹങ്ങളുടെ ആകെത്തുക ജീവനില്‍ വസ്‌തുക്കളുടെ കാമകോശം സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. കാമമയശരീരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ജീവന്റെ വസ്‌തുബോധം സ്ഥൂലലോകത്തില്‍നിന്നും സൂക്ഷ്‌മലോകത്തിലേക്ക്‌ ജീവനെ നയിക്കുമ്പോഴും വിഷയസംസ്‌കാരം കൈവെടിയുന്നില്ല.
ഉന്മനീഭാവം അഥവാ പരമപദംവരെ ചെന്നെത്തുന്ന ജീവാത്മാവിന്റെ മുക്താവസ്ഥക്ക്‌ തുറക്കപ്പെടുന്നവാതില്‍വരെ മനസ്സെന്ന മാദകജീവി പിന്തുടരും. മനസ്സിന്റെ വിവിധഭാവങ്ങളെ നിരീക്ഷിച്ചും നിയന്ത്രിച്ചും വിഷയനിര്‍മുക്തമാക്കുന്നതിനുള്ള ശ്രമം അനുസ്യൂതം തുടരേണ്ടിയിരിക്കുന്നു. മുക്തിക്കുള്ള അടിസ്ഥാനകാരണം അതുതന്നെയാണ്‌. മോക്ഷകാരണവും ദു:ഖനിവര്‍ത്തകവുമായ പ്രസ്‌തുത പരിശ്രമം സാധകന്‌ ഒഴിച്ചുകൂടാവുന്നതല്ല.
“യതോ നിര്‍വിഷയസ്യാസ്യ മനസോ മുക്തിരിഷ്യതേ
തസ്‌മാന്നിര്‍വിഷയം നിത്യം മന: കാര്യം മുമുക്ഷുണാ”.

`മനസ്സ്‌ നിര്‍വിഷയമാകുമ്പോഴാണ്‌ മുക്തി കൈവരുന്നത്‌. അതിനാല്‍ മോക്ഷാര്‍ത്ഥി മനസ്സിനെ നിര്‍വിഷയമാക്കി സൂക്ഷിക്കണം’.
വിഷയസങ്കല്‌പരഹിതമായിത്തീര്‍ന്നെങ്കിലേ മനസ്സ്‌ ലയിക്കുകയുള്ളു. മനോലയമാണ്‌ മോക്ഷാനുഭവമായിത്തീരുന്നത്‌. അതുകൊണ്ട്‌ സാധകന്‍ മനസ്സിനെ വിഷയഭോഗശൂന്യമാക്കണമെന്ന്‌ ഉപനിഷത്ത്‌ ഘോഷിക്കുന്നു. അനേകചിന്തകളാകുന്ന അങ്കുരങ്ങളോടും വിവിധവിഷയങ്ങളാകുന്ന ശാഖകളോടും കൂടിയതാണ്‌ സംസാരമഹാവൃക്ഷം. അതിന്റെ ഫലങ്ങളും പല്ലവങ്ങളും അനേകങ്ങളാണ്‌. പുനര്‍ജന്മത്തിനും സുഖദുഃഖസമ്മിശ്രമായ അനുഭവങ്ങള്‍ക്കും കാരണമായിത്തീരുന്ന സംസാരവൃക്ഷത്തിന്റെ വേരാണ്‌ മനസ്സ്‌.
``സഹസ്രാങ്കുരശാഖാത്മാ ഫലപല്ലവശാലിന:
അസ്യ സംസാരവൃക്ഷസ്യ മനോമൂലമിദം സ്ഥിതം”.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം