പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ ഫയല്‍ വഴിയില്‍ നിന്നു കിട്ടി

January 1, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു കാണാതായ 1100 കോടി ഡോളര്‍ ഇടപാടിന്റെ ഫയല്‍ വഴിയരികില്‍ നിന്നു കണ്ടെത്തി. 126 മള്‍ട്ടിറോള്‍ കോംപാക്‌ട്‌ എയര്‍ക്രാഫ്‌റ്റ്‌ വാങ്ങുന്നതിനുള്ള രഹസ്യ ഫയലാണിത്‌.
അമേരിക്കയുടെ എഫ്‌-16, എഫ്‌/എ-18, ഫ്രാന്‍സിന്റെ റഫാലെ, സ്വീഡന്റെ ഗ്രിപ്പന്‍, റഷ്യയുടെ മിഗ്‌-35, യൂറോപ്പിന്റെ യൂറോഫൈറ്റര്‍ തുടങ്ങിയവരാണ്‌ എയര്‍ക്രാഫ്‌റ്റ്‌ ഇന്ത്യയ്‌ക്കു നല്‍കാനായി മത്സരിക്കുന്നത്‌. വാങ്ങിക്കുന്ന ആറു വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുകളുടെ നിര്‍ണായക ഘട്ടത്തിലാണ്‌ സംഭവം പുറത്തറിയുന്നത്‌. സംഭവത്തില്‍ എയര്‍ഫോഴ്‌സ്‌ അന്വേഷണം പ്രഖ്യാപിച്ചു.
കരാറിന്റെ പ്രധാന വകുപ്പുകളടങ്ങുന്ന ഫയലാണ്‌ ഡല്‍ഹിക്കടുത്തു നിന്നു കണ്ടെത്തിയത്‌. ഫയല്‍ കാണാതായതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും അസിസ്‌റ്റന്റ്‌ ചീഫ്‌ ഓഫ്‌ എയര്‍ സ്‌റ്റാഫ്‌ എയര്‍ വൈസ്‌ മാര്‍ഷല്‍ എം. മാതേശ്വരന്‍ അറിയിച്ചു. എങ്ങനെയാണ്‌ ഫയല്‍ കണ്ടെടുത്തതെന്നും ആരാണ്‌ ഇത്‌ കണ്ടെത്തിയതെന്നും ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം