ഗുരുപാദ ജയന്തി ആഘോഷിച്ചു

January 3, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

തിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്‌ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 111-ാം ജയന്തി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിച്ചു.
രാവിലെ 9ന്‌ ജ്യോതിക്ഷേത്രത്തില്‍ നടന്ന പൊങ്കാലയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകുന്നേരം 5ന്‌ ജ്യോതിക്ഷേത്രത്തില്‍ അഡ്വ. എം. എ വാഹിദ്‌ എം.എല്‍.എയുടെ ആധ്യക്ഷതയില്‍ നടന്ന ജയന്തി സമ്മേളനം വിശ്വഹിന്ദു പരിഷത്ത്‌ അന്തര്‍ദ്ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എസ്‌. വേദാന്തം ഉദ്‌ഘാടനം ചെയ്‌തു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ജി. വിനോദ്‌, എസ്‌. വിമലകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ജയന്തിദിന സന്ദേശം നല്‍കി. തുടര്‍ന്ന്‌ സംഗീതാര്‍ച്ചന നടന്നു. ചടങ്ങില്‍ ഗുരുപാദരെ അറിയുക എന്ന ലഘുഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.
വൃഷ്‌ചികം ഒന്നിന്‌ ആശ്രമത്തില്‍ സമാരംഭിച്ച മണ്ഡലകാല മഹോത്സവം ജയന്തിദിനത്തില്‍ വെളുപ്പിന്‌ നടന്ന ശ്രീരാമപട്ടാഭിഷേകത്തോടെ അവസാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍