യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ തറക്കല്ലിട്ടു

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ കോഴിക്കോട്‌ ചാലിയത്ത്‌ പ്രതിരോധ മന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. 43 ഏക്കര്‍ ഭൂമിയില്‍ 600 കോടി രൂപ ചെലവിലാണു നിര്‍ദേശ്‌ എന്ന പേരില്‍ ഗവേഷണകേന്ദ്രം വരുന്നത്‌.
നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ പൂര്‍ണമായും സ്വയം പര്യാപ്‌ത കൈവരിക്കുന്നതിന്റെ ഭാഗമായാണ്‌ ചാലിയത്ത്‌ ഗവേഷണ കേന്ദ്രം തുടങ്ങുന്നത്‌. വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ള യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും രൂപകല്‍പനയാണ്‌ ഇവിടെ വിഭാവനം ചെയ്യുന്നത്‌. നിലവില്‍ ഇന്ത്യ ഇതിനു വിദേശരാജ്യങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. നിര്‍ദേശ്‌ യാഥാര്‍ഥ്യമാകുന്നതോടെ യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ പൂര്‍ണമായും സ്വയം പര്യാപ്‌തത കൈവരിക്കാന്‍ രാജ്യത്തിനാകും. യുദ്ധക്കപ്പല്‍ രൂപകല്‍പ്പനയ്‌ക്കാണ്‌ പ്രഥമ പരിഗണന എങ്കിലും കപ്പല്‍ നിര്‍മാണരംഗത്തെ സമസ്‌ത മേഖലകളെയും സ്‌പര്‍ശിക്കുന്ന ഗവേഷണ കേന്ദ്രമാണു ചാലിയത്ത്‌ ഉയരുന്നത്‌. നാവികസേനയ്‌ക്ക്‌ പുറമേ കോസ്‌റ്റ്‌ ഗാര്‍ഡിനും ഇതിന്റെ ഗുണം ലഭിക്കും. സൗജന്യമായാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതിയ്‌ക്ക്‌ ആവശ്യമായ 43 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം