ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

January 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്‌ഥാനത്തുനിന്ന്‌ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കെ.ജി ബാലകൃഷ്‌ണന്റെ ബന്ധുക്കള്‍ക്കെതിരായ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തിനെതിരെയും ബന്ധുക്കള്‍ ക്കെതിരെയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.
കെജിബിയുടെ മകളുടെ ഭര്‍ത്താവ്‌ ശ്രീനിജിന്‌ ഞാറക്കലില്‍ നിന്ന്‌ മല്‍സരിക്കുമ്പോള്‍ 25,000 രൂപമാത്രമേ സമ്പാദ്യമുണ്ടായിരുന്നുള്ളൂ. പിന്നീട്‌ ശ്രീനിജിന്‍ കോടികളുടെ സ്വത്ത്‌ സമ്പാദിച്ചത്‌ എങ്ങനെയാണെന്ന്‌ വിശദമാക്കണമെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം