പാദപൂജ – സാധകനും മനസ്സും

January 5, 2011 സനാതനം

ബന്ധമോക്ഷഹേതു

അധ്യായം – 2

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

ഈശ്വരനില്‍നിന്നു പുറപ്പെട്ട്‌ ഈശ്വരനിലേക്ക്‌ തന്നെ ചെന്നെത്തുന്ന അനേകകോടി ജീവപ്രവാഹത്തെയാണ്‌ സംസാരമെന്ന്‌ നിര്‍വചിച്ചിരിക്കുന്നത്‌. സംസാരത്തെപ്പറ്റിയുള്ള ബോധം വസ്‌തുപരതയില്‍നിന്ന്‌ ഭാവപരതയിലേക്ക്‌ പരിണാമം പ്രാപിക്കുകയും ഈശ്വരാഭിമുഖമായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്‌ ചിത്തലയം സംഭവിക്കുന്നത്‌. മനസ്സ്‌ വിഷയങ്ങളുടെ സംഘാതമാണല്ലോ. ദര്‍ശിക്കുന്നവന്‌ ദൃശ്യത്വമെന്നസ്വഭാവം സ്വാഭാവികമായി ഉണ്ടാകുന്നു. അക്കാരണംകൊണ്ടുതന്നെ വസ്‌തുഗുണത്തെയാശ്രയിച്ച്‌ ദര്‍ശിക്കുന്ന ആത്മാവിന്റെ സ്വയംപ്രകാശിത്വം തടസ്സപ്പെടുന്നു. ആത്മാവിന്റെ ബാഹൃവൃത്തി വസ്‌തുക്കളെസ്വീകരിച്ചും ഗുണങ്ങളിലേക്ക്‌ കടന്നുചെന്നും വസ്‌തുസ്വഭാവത്തെ കൈക്കൊള്ളുകയാണ്‌ ചെയ്യുന്നത്‌. പ്രകാശരശ്‌മിക്ക്‌ മദ്ധ്യേ സൂക്ഷിക്കുന്ന വസ്‌തുക്കള്‍ പ്രകാശഗതിയെ തടസ്സപ്പെടുത്തുമെന്ന്‌ സാധാരണലോകത്തിന്‌ പരിചയമുള്ളതാണല്ലോ. അതുപോലെതന്നെ ആത്മാവ്‌ ചൈതന്യസ്വരൂപമാണെങ്കിലും വസ്‌തുബോധം കൊണ്ട്‌ അഥവാ ചിത്തവൃത്തികൊണ്ട്‌ മറയ്‌ക്കപ്പെടുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ബോധം തന്മൂലം ഉടലെടുക്കുകയും ആത്മനസമാനത്വം സംഭവിക്കകുയം ചെയ്യുന്നു.
“മാനസം സംസാരകാരണമായതും
മാനസത്തിനു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാല്‍
ആത്മനസ്‌തല്‍കൃതബന്ധം ഭവിക്കുന്നു”.

മനസ്സിനെ ആത്മാവാണെന്നു തെറ്റിദ്ധരിക്കുന്ന അനുഭവം സംഭവിച്ചുപോയാല്‍ മോക്ഷോന്മുഖമായ പ്രവര്‍ത്തനത്തിന്‌ തടസ്സം നേരിടും. സംസാരവൃക്ഷത്തിന്റെവേരായ മനസ്സ്‌ വീണ്ടും ജനിക്കുവാനും മരിക്കുവാനും ഇടനല്‍കുന്ന ഫലങ്ങളും പല്ലവങ്ങളും പ്രദാനം ചെയ്യുന്നുവെന്നു പറയുന്നത്‌ അതുകൊണ്ടാണ്‌. സംസാരത്തിന്റെ തായ്‌വേരായ മനസ്സ്‌ മുറിക്കപ്പെട്ടാല്‍ സംസാരവൃക്ഷം അതോടെ നശിക്കുന്നു.
ആത്മാവിന്റെ പ്രേരണയും സാക്ഷിത്വവും കൂടാതെ ഇന്ദ്രിയങ്ങള്‍ക്ക്‌ അതാതിന്റെ സ്വഭാവത്തിലുള്ള വിഷയങ്ങളെ സ്വീകരിക്കുവാന്‍ സാദ്ധ്യമാകുന്നില്ല. വിഷയജ്ഞാനത്തെ ഉണ്ടാക്കുകയും വിഷയങ്ങളെ സ്വീകരിക്കുകയും മാത്രമല്ല വിഷയങ്ങളെ തന്നില്‍നിന്നന്യമായി കാണുന്ന സാക്ഷിത്വവും ആത്മാവിനുണ്ട്‌. “ഏകസമയേ ചോളഭയാനവധാരണം” `ഒരേ സമയം രണ്ടിന്റെയും (ചിത്ത-ജ്ഞാന-ത്തിന്റെയും ജ്ഞേയത്തിന്റെയും) അറിവുണ്ടാകുന്നില്ല – എന്ന്‌ പാതഞ്‌ജലയോഗസൂത്രത്തില്‍ പതഞ്‌ജലിമഹര്‍ഷി ആത്മാവിന്റെ സാക്ഷിത്വത്തെയും വിഷയഗ്രഹണ സ്വഭാവത്തെയും ഒരേപോലെ ചര്‍ച്ചചെയ്യുന്നു.
നിത്യചൈതന്യസ്വരൂപമായ ആത്മാവ്‌ രൂപനാമങ്ങളോട്‌ ബന്ധപ്പെട്ട്‌ ദേഹാഭിമാനം സമ്പാദിക്കുമ്പോഴുള്ള അവസ്ഥ ജീവാത്മാവെന്നപേരില്‍ അറിയപ്പെടുന്നു. വിഭിന്നശരീരങ്ങളില്‍നിന്നും സമ്പാദിക്കുന്ന വസ്‌തുഗുണങ്ങള്‍ക്ക്‌ വശംവദമായി ജീവന്‍ സാത്വികം, രാജസം, താമസം എന്നീ ഗുണസ്വരൂപമായി പ്രകൃതിയില്‍ വര്‍ത്തിക്കുന്നു. സരൂപചിന്തയിലൂടെയുണ്ടായിട്ടുള്ള അഹംബുദ്ധി വിരാട്‌സ്വരൂപംവരെയുള്ളതായിട്ടാണ്‌ വേദാന്തം ഘോഷിക്കുന്നത്‌. ആത്മാവിന്റെ സൂക്ഷ്‌മതയും പരിശുദ്ധിയും വിശദമാക്കാനുപകരിക്കുന്ന ഉദാഹരണങ്ങള്‍ ജീവാത്മാവിനെ വര്‍ണ്ണിക്കുന്നതിലൂടെ നമുക്കു ലഭിക്കുന്നു.
“കോ ജീവഃ” (എന്താണ്‌ ജീവന്‍) എന്ന ചോദ്യത്തിന്‌ നിരാലംബോപനിഷത്ത്‌ നല്‍കുന്ന ഉത്തരം മേല്‍പ്പറഞ്ഞവിഷയത്തില്‍ അതീവശ്രദ്ധേയമാണ്‌.

“ജീവ ഇതി ച, ബ്രഹ്മവിഷ്‌ണ്വീശാനേന്ദ്രാദീനം നാമരൂപദ്വാരാസ്ഥൂലോള ഹമിതി മിഥ്യാധ്യാസവശാജ്ജീവഃ” – ബ്രഹ്മാവ്‌, വിഷ്‌ണു, ശങ്കരന്‍, ഇന്ദ്രന്‍ എന്നീ നാമരൂപങ്ങള്‍ മുഖേന ഞാന്‍ സ്ഥൂലമാണെന്നുള്ള മിഥ്യയായ ദേഹാഭിമാനം ജനിക്കുമ്പോഴ്‌ അത്‌ ജീവനെന്നു പറയപ്പെടുന്നു. നിര്‍ഗുണം, നിരാമയം, നിഷ്‌കളം, നിരഞ്‌ജനമെന്നിങ്ങനെ വര്‍ണിക്കപ്പെടുന്ന ബ്രഹ്മസങ്കല്‌പം അഥവാ ആത്മസങ്കല്‌പം ഇന്ദ്രിയവിഷയാതീതമായ അവസ്ഥയാണ്‌ അനുഭവവേദ്യമാക്കുന്നത്‌. ബ്രഹ്മാവ്‌, വിഷ്‌ണു, ശങ്കരന്‍, ഇന്ദ്രന്‍ എന്നീ മൂര്‍ത്തിസങ്കല്‌പങ്ങള്‍ മുതല്‍ പ്രപഞ്ചത്തിന്റെ അണുരാശിവരെയുള്ള സകലചരാചരങ്ങളും നാമ, രൂപാദികളെ സ്വീകരിച്ച്‌ ശരീരാഭിമാനികളായി വര്‍ത്തിക്കുന്നു. അഭിമാനഗ്രസ്‌തമായിത്തീരുന്ന ആത്മാവിന്റെ ഈ മിഥ്യാധ്യാസത്തെ (ഇല്ലാത്തത്‌ ഉണ്ടെന്നുതോന്നിക്കുന്നത്‌)യാണ്‌ ജീവനായിട്ടു കരുതേണ്ടത്‌. മനസ്സിനെ ഉപശമനംചെയ്യുന്നതിനുപരി മിഥ്യാധ്യാസത്തിന്‌ പരിഹാരം മറ്റൊന്നില്ല.
അനേകരീതിയിലുള്ള അത്ഭുതകരങ്ങളായ ലോകങ്ങളെ സൃഷ്‌ടിക്കുവാനുള്ള സാമര്‍ത്ഥ്യം ആത്മാവിന്‌ അനുഭവപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ്‌ ബുദ്ധി, മനസ്സ്‌ എന്നീ പ്രക്രിയകളായി പ്രത്യക്ഷപ്പെടുന്നത്‌. ബ്രഹ്മത്തിന്റെ ബുദ്ധിശക്തിയാണ്‌ പ്രകൃതിയെന്നുള്ള ഉപനിഷത്‌വാക്യവും ഇതോടൊപ്പം ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്‌.
``വിചിത്ര ജഗന്നിര്‍മാണം സാമര്‍ത്ഥ്യ
ബുദ്ധിരൂപബ്രഹ്മശക്തിരേവ പ്രകൃതിഃ”

– ഏതൊന്നിലാണോ അനേകതരത്തിലുള്ള വിചിത്രലോകങ്ങളെ സൃഷ്‌ടിക്കുവാനുള്ള സാമര്‍ത്ഥ്യമുള്ളത്‌, അതാണ്‌ പ്രകൃതി’. കര്‍മമെന്നും അകര്‍മമെന്നും വികര്‍മമെന്നും വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന കര്‍മസ്വഭാവം ഈശ്വരാഭിമുഖമായാലും, ഇന്ദ്രിയവിഷയമായി ഭവിച്ച്‌ സംസാരവിഷയജടിലമായാലും മനസ്സിന്റെ പ്രാധാന്യം അവഗണിക്കാവുന്നതല്ല. ശുദ്ധവും മലിനവുമായ ചിന്തകളിലൂടെ മനോവ്യാപാരത്തിനുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ച്‌ മുക്തവും ബദ്ധവുമായ അവസ്ഥ അനുഭവപ്പെടുന്നുവെന്നല്ലാതെ മനസ്സിനെ നിരാകരിക്കുവാന്‍ സാദ്ധ്യമാകുന്നില്ല.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം