എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്ന്‌ പിരിച്ചു വിട്ടു

January 5, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: നെല്ലിയാമ്പതി നിയമന തട്ടിപ്പു കേസിലെ പ്രതി എം.ബി. ദിനേശിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടറുടേതാണ്‌ ഉത്തരവ്‌. പിഎസ്‌സി വിജിലന്‍സിന്റെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയായ എം.ബി.ദിനേശ്‌ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയാണ്‌ നെല്ലിയാമ്പതി പഞ്ചായത്ത്‌ ഓഫിസില്‍ ഒന്നര വര്‍ഷം മുന്‍പ്‌ ജോലി നേടിയത്‌. പിരിച്ചു വിടുന്നതിനു മുന്നോടിയായി നടപടിക്രമം അനുസരിച്ച്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ ദിനേശിന്‌ നോട്ടീസ്‌ അയച്ചിരുന്നു.
നിയമനത്തട്ടിപ്പ്‌ വിവാദമായതോടെ കഴിഞ്ഞ മാസം എട്ടിന്‌ ദിനേശിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ദിനേശിന്റെ നിയമവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ട്‌ വി.കലാധരനെയും സസ്‌പെന്‍ഡു ചെയ്‌തിരിക്കുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം