വഴിയോര പൊതുയോഗ നിരോധനം സുപ്രീംകോടതി ശരിവച്ചു

January 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ വഴിയോരത്തു പൊതുയോഗം നടത്തരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്താണ്‌ ഹൈക്കോടതി വിധി ശരി വയ്‌ക്കുന്നതെന്നു കോടതി പറഞ്ഞു. വഴിയോരത്തെ പൊതുയോഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആലുവയിലെ ഒരു റോഡില്‍ യോഗങ്ങള്‍ തടയണമെന്ന ഹര്‍ജിയിലാണ്‌ സംസ്‌ഥാനത്തുടനീളം നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്‌. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. അതിനു ശേഷമാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.
വിധി സര്‍ക്കാരിന്റെ കൈകള്‍ക്കു കൂടുതല്‍ ശക്‌തി പകരുമെന്നു കോടതി പറഞ്ഞു. കേരളത്തിലെ റോഡുകളുടെ സ്‌ഥിതി കണക്കിലെടുത്താല്‍ ഹൈക്കോടതി വിധി തീര്‍ത്തും ശരിയാണ്‌. പൊതുയോഗം നിരോധിച്ചതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്‌ എന്തിനാണെന്നും കോടതി ചോദ്യം ഉന്നയിച്ചു.
സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നു സിപിഎം നേതാവ്‌ എം.വി.ജയരാജന്‍ പ്രതികരിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാര സ്വാതന്ത്രത്തിനു നല്‍കുന്ന പ്രാധാന്യം കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിനും നല്‍കേണ്ടതായിരുന്നു എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ഉത്തരവിട്ടാലും കേരളത്തിലെ റോഡുകളില്‍ പൊതുയോഗം നടത്തുന്നതു തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം