ജയവര്‍ദ്ധനയും, ശ്രീശാന്തും, ലക്ഷ്‌മണും കൊച്ചി ടീമില്‍

January 8, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്‌ളൂര്‍: ഐ.പി.എല്‍ നാലാം സീസണിലെ താരലേലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ടീം മഹേല ജയവര്‍ദ്ധന, വി.വി.എസ്‌ ലക്ഷ്‌മണ്‍, മലയാളി താരം എസ്‌.ശ്രീശാന്ത്‌ എന്നിവരെ സ്വന്തമാക്കി. 6.9 കോടി രൂപയ്‌ക്കാണ്‌ ശ്രീലങ്കന്‍ താരം ജയവര്‍ദ്ധനെയെ കൊച്ചി സ്വന്തമാക്കിയത്‌. വി.വി.എസ്‌ ലക്ഷ്‌മണിന്റെ വില 1.84 കോടിയും, ശ്രീശാന്തിന്റേത്‌ 4.14 കോടി രൂപയുമാണ്‌. കഴിഞ്ഞ മൂന്നു സീസണിലും കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു ശ്രീശാന്ത്‌. 2.5 കോടി രൂപയ്‌ക്കാണ്‌ ശ്രീശാന്ത്‌ പഞ്ചാബിന്‌ വേണ്ടി കളിച്ചിരുന്നത്‌.
ന്യൂസീലാന്‍ഡ്‌ താരം ബ്രണ്ടന്‍ മക്കല്ലം (2.18 കോടി), പേസ്‌ ബൗളര്‍ ആര്‍.പി.സിംഗ്‌ (2.3 കോടി) എന്നിവരാണ്‌ ഇതുവരെ കൊച്ചി ടീം ലേലത്തില്‍ പിടിച്ച മറ്റു താരങ്ങള്‍. ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനാണ്‌ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 11.04 കോടി രൂപയ്‌ക്കാണ്‌ ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ റാഞ്ചിയത്‌. കഴിഞ്ഞ മൂന്നു സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ വേണ്ടീയാണ്‌ ഗംഭീര്‍ ഇറങ്ങിയത്‌. ഗംഭീറിന്‌ പിന്നില്‍ റോബിന്‍ ഉത്തപ്പ (9.70കോടി), യൂസഫ്‌ പഠാന്‍ (കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, 9.66 കോടി) എന്നിവരാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം