കോവളം കൊട്ടാരം സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

January 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലുവ: കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തത്‌ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍.
കൊട്ടാരം ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച്‌ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്‌ ‘വിധി പുറപ്പെടുവിച്ച ഇപ്പോഴത്തെ കോടതിയുടെ മുകളിലുള്ള കോടതിയെ സമീപിക്കു’മെന്നായിരുന്നു മറുപടി. കോവളം കൊട്ടാരം കേസില്‍ സര്‍ക്കാരിന്‌ വീഴ്‌ചയൊന്നുമുണ്ടായിട്ടില്ല. മുന്‍ സര്‍ക്കാര്‍ കൊട്ടാരം സംബന്ധിച്ച്‌ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നപ്പോള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. അതിനാല്‍ ഇരുകൂട്ടര്‍ക്കും കോവളം കൊട്ടാരം സര്‍ക്കാര്‍ അധീനതയിലാക്കാനുള്ള ശ്രമത്തില്‍ പങ്കാളിത്തമുണ്ടെന്നും വി.എസ്‌. പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ആ നിലയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം തുടര്‍ന്നു.
പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ പിരിച്ചുവിടണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. കോര്‍പറേഷന്‍ പിരിച്ചുവിടണമെന്ന്‌ സര്‍ക്കാര്‍ കരുതുന്നില്ലെന്നും മറിച്ച്‌ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ നടപടി വേണ്ടതെന്നുമാണ്‌ അഭിപ്രായം. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടികളാണ്‌ പ്രശ്‌നങ്ങള്‍ വഷളാക്കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം