മാവോവാദി പ്രശ്‌നത്തില്‍ അലംഭാവം അരുത്

December 15, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

mavo-pb-editorialസംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം ഉണ്ടെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതു സംബന്ധിച്ച് മഷിയിട്ടുനോക്കിയിട്ടുപോലും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഒരു തെളിവും ലഭിച്ചില്ല. കേരളത്തില്‍ മാവോവാദി സാന്നിധ്യം ഇല്ലന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകുകയായിരുന്നു. എന്നാല്‍ ഏതാനും നാള്‍ മുമ്പ് വയനാട്ടിലെ വെള്ളമുണ്ടയില്‍ പോലീസും മാവോവാദികളും തമ്മില്‍ നേര്‍ക്കുനേല്‍ വെടിയുതിര്‍ത്തപ്പോഴാണ് പ്രശ്‌നം നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യമായത്. സംഭവത്തെത്തുടര്‍ന്ന് മാവോവിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ട് വയനാടന്‍ കാടുകള്‍ അരിച്ചുപെറുക്കിയിട്ടും മാവോവാദികളുടെ പൊടിപോലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കഴിഞ്ഞദിവസം പോലീസിന്റെ ഫോണ്‍ ചോര്‍ത്തി എന്നവകാശപ്പെട്ടുകൊണ്ട് മാവോവാദികളുടെ മുഖപത്രമായ ‘കാട്ടുതീ’ പുറത്തിറങ്ങിയത്. വെള്ളമുണ്ട സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ ബ്ലേഡുമാഫിയയ്ക്ക് റെയിഡ് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന സംഭാഷണമാണ് ‘കാട്ടുതീ’ പുറത്തുവിട്ടിരിക്കുന്നത.് ഫോണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ ചോര്‍ത്തല്‍ നടന്നുവെങ്കിലും ആഭ്യന്തരമന്ത്രിക്ക് അങ്ങനെ മാത്രമേ പറയാന്‍ കഴിയു.

കാട്ടുതീയില്‍ വന്ന വിവരങ്ങള്‍ ഫോണ്‍ചോര്‍ത്തല്‍ നടന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ്. നാസര്‍ എന്ന ആള്‍ക്കാണ് ഓപ്പറേഷന്‍ കുബേരയോടനുബന്ധിച്ചുള്ളള റെയ്ഡു വിവരങ്ങള്‍ പോലീസുകാരന്‍ ചോര്‍ത്തിനല്‍കുന്നതെന്നാണ് കാട്ടുതീ പുറത്തുവിട്ടിരിക്കുന്നത്. പോലീസിന്റെ നീക്കങ്ങള്‍ അറിയിക്കുന്ന സംഭാഷണങ്ങള്‍ വള്ളിപുള്ളി വിടാതെ കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഫോണ്‍ ചോര്‍ത്തിയെന്ന മാവോവാദികളുടെ അവകാശവാദം ശരിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. പത്തുകിലോമീറ്ററിനുള്ളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള ഉപകരണങ്ങള്‍ മാവോവാദികളുടെ കൈയിലുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്. മൂന്നുകോടി രൂപവരെ വിലയുള്ള അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നമാണ് ഇതെന്നും പറയപ്പെടുന്നു.

വെടിവയ്പ്പ് സംഭവത്തിനുശേഷം മാവോവാദികളെ പിടിക്കാന്‍ പോലീസ് വലിയ സന്നാഹവുമായി നീങ്ങിയിട്ടും അതിനു കഴിയാതെപോയത് ഇവരുടെ നീക്കങ്ങള്‍ സംബന്ധിച്ച സന്ദേശം മാവോവാദികള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് അനുമാനിക്കണം. അതിനു ഉപോല്‍ബലകമായ കാര്യങ്ങളാണ് മാവോവാദികള്‍ തന്നെ മുഖപത്രത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അത്യന്തം ഗൗരവമുള്ള ഈ വിഷയത്തെ ലഘൂകരിക്കാനാണ് ആഭ്യന്തമന്ത്രി ശ്രമിച്ചിരിക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ പ്രത്യേകിച്ച് വയനാട,് ഇടുക്കി, കൊല്ലം എന്നി ജില്ലകളിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് നാളുകളായി പുറത്തുവന്ന വിവരം ശരിയാണെന്നുതന്നെ ഇപ്പോഴത്തെ സംഭവത്തോടെ വ്യക്തമായി.

മാവോവാദികള്‍ക്ക് വളരാന്‍ പറ്റുന്ന സാമൂഹ്യ അസമത്വം വയനാട്ടിലെയും മറ്റും വനപ്രദേശങ്ങളില്‍ ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിലുണ്ടാകുന്ന സര്‍ക്കാരിന്റെ അലംഭാവപൂര്‍വമായ സമീപനം മാവോവാദികള്‍ മുതലെടുക്കുകയും അവര്‍ ആ പ്രദേശങ്ങളില്‍ വേരുറപ്പിക്കുകയും ചെയ്യും. മാവോവാദികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദ്വിമുഖ നടപടികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ സേനാപരമായ നീക്കം നടത്തുന്നതിനോടൊപ്പം ഇത്തരക്കാര്‍ക്കു വളരാനുള്ള സമൂഹ്യ സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഭരണകൂടം ശ്രദ്ധിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍