ചൈന അതിര്‍ത്തി ലംഘിച്ചു

January 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ലേ: ചൈനീസ്‌ പട്ടാളം കഴിഞ്ഞ വര്‍ഷം അവസാനം അതിര്‍ത്തി ലംഘിച്ചു കടന്നതായി റിപ്പോര്‍ട്ട്‌. തെക്കു കിഴക്കന്‍ ലഡാക്ക്‌ പ്രദേശത്താണ്‌ ചൈനീസ്‌ നുഴഞ്ഞുകയറ്റം ഉണ്ടായത്‌. യാത്രക്കാര്‍ക്കു വിശ്രമകേന്ദ്രം നിര്‍മിക്കുകയായിരുന്ന കോണ്‍ട്രാക്‌ടറെയും ജോലിക്കാരെയും ഭീഷണിപ്പെടുത്തി പണി നിര്‍ത്തിവയ്‌ക്കാന്‍ അവര്‍ ആവശ്യപ്പെടുകയാണുണ്ടായത്‌.
ലേ ഡിസ്‌ട്രിക്‌റ്റ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മിഷ്‌ണറാണ്‌ ഇക്കാര്യം അറിയിച്ചത്‌. തര്‍ക്കപ്രദേശമായിരുന്നതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ലെന്നായിരുന്നു ചൈനീസ്‌ പട്ടാളം വ്യക്‌തമാക്കിയത്‌. ഇക്കാര്യം ഉടന്‍തന്നെ ഇന്ത്യന്‍ സേനാധികൃതരെ അറിയിച്ചപ്പോള്‍ തല്‍ക്കാലം പണികള്‍ നിര്‍ത്തിവയ്‌ക്കാനാണ്‌ നിര്‍ദേശം നല്‍കിയത്‌. പ്രതിരോധ മന്ത്രാലായത്തിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചശേഷം മാത്രം പണികള്‍ തുടങ്ങാനായിരുന്നു നിര്‍ദേശം.
കശ്‌മീരിലെ ദെംചോക്ക്‌ പ്രദേശത്തെ ഗോംബിറിലൂടെയാണ്‌ ചൈനീസ്‌ പട്ടാളം വന്നത്‌. സെപ്‌റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളിലായിരുന്നു ഇത്‌. ജമ്മു- കശ്‌മീര്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്‌. ഇന്ത്യയുടെ അധീനതയിലുള്ള സ്‌ഥലങ്ങളില്‍ ചൈനീസ്‌ നുഴഞ്ഞുകയറ്റം തുടര്‍കഥയായിട്ടുണ്ട്‌. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍സേന എപ്പോഴും ജാഗരൂകരാണെന്ന്‌ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം