ഭീകരവാദികള്‍ക്ക്‌ ആര്‍.എസ്‌.എസില്‍ സ്ഥാനമില്ലെന്ന്‌ മോഹന്‍ ഭാഗവത്‌

January 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക്‌ ആര്‍.എസ്‌.എസില്‍ സ്ഥാനമില്ലെന്ന്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌. ആര്‍.എസ്‌.എസ്‌ ഭീകര സംഘടനയല്ല. ഹിന്ദുക്കളെ ഭീകരവാദികളുമായി താരതമ്യം ചെയ്യാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകര ആശയങ്ങള്‍ ഉള്ളവരോട്‌ സംഘടന വിടണമെന്ന്‌ നേരത്തെ തന്നെ ആര്‍.എസ്‌.എസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇങ്ങനെ പുറത്തുപോയവരെയാണ്‌ 2007ലെ സംഝൗത സ്‌ഫോടന കേസില്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഹിന്ദുക്കളെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ്‌ നടത്തുന്ന പരാമര്‍ശങ്ങളെ ഭഗവത്‌ രൂക്ഷമായി വിമര്‍ശിച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിന്‌ തങ്ങളുടെ വോട്ടുബാങ്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ ഹിന്ദുക്കളെ ഭീകരരുമായി താരതമ്യം ചെയ്‌ത്‌ ജനശ്രദ്ധ തിരിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
സ്വാമി അസീമാനന്ദിന്റെ വെളിപ്പെടുത്തല്‍ സി.ബി.ഐ മനപൂര്‍വം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ആര്‍.എസ്‌.എസിനെയും മറ്റു ഹിന്ദു സംഘടനകളെയും പ്രതിക്കൂട്ടിലാക്കാനാണ്‌. ഈ കേസില്‍ അറസ്റ്റിലായിട്ടുള്ളവര്‍ക്ക്‌ ആര്‍.എസ്‌.എസുമായി ഒരു ബന്ധവുമില്ല. അസീമാനന്ദയുടെ കുറ്റസമ്മതമൊഴി ഇതുവരെ പുറത്തുവന്നിട്ടില്ല. സി.ബി.ഐ കോണ്‍ഗ്രസ്‌ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷനായി അധപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം