പാകിസ്ഥാന്‍ പാഠം പഠിക്കുമോ?

December 19, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-pb-12-11-2013‘വിതച്ചതേ കൊയ്യു’ – അത് പ്രകൃതി നിയമമാണ്. നന്മയ്ക്ക് പകരം കിട്ടുന്നത് നന്മയാണെങ്കില്‍ തിന്മയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ചാല്‍ അത് ഭീകരമായായിരിക്കും തിരികെ ആഞ്ഞടിക്കുന്നത്. പാകിസ്ഥാന് സംഭവിച്ച ദുര്യോഗം ഇതിനു തെളിവാണ്. പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ താലിബന്‍ കൂട്ടക്കുരുതി നടത്തിയത് 148 പേരെയാണ്. ഇതിലേറെയും കുട്ടികളാണ്. ഗുരുതരാവസ്ഥയില്‍ കുട്ടികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ഇപ്പോഴും ആശുപത്രികളിലുണ്ട്. ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണ് പാകിസ്ഥാനില്‍ അരങ്ങേറിയത്.

ഭാരതത്തിനെതിരെ പോരാടാന്‍ പാകിസ്ഥാനിലെ ഐ.എസ്.ഐയുടെയും പട്ടാളത്തിന്റെയും പിടിപ്പുകെട്ട ഭരണകൂടത്തിന്റെയും ഒത്താശയോടെ വളര്‍ത്തിയ ഭസ്മാസുരന്മാര്‍ ഇന്ന് ആ രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യാന്‍ തക്കവണ്ണം ഭീമാകാരന്മാരായി വളര്‍ന്നുകഴിഞ്ഞു. ഭീകരവാദികളോട് എന്നും മൃദുസമീപനമാണ് പാകിസ്ഥാന്‍ സ്വീകരിച്ചത്. ഭീകരാക്രമണ കേസുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കുപോലും ശിക്ഷ നീട്ടിവച്ചുകൊണ്ട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ആ രാജ്യം ഭീകരതയോട് സ്വീകരിച്ചത്. ഇതൊക്കെ ഭീകരതയുടെ വളക്കൂറുള്ള മണ്ണായി പാകിസ്ഥാനെ മാറ്റി. കൂട്ടക്കുരുതിക്കുശേഷം പാകിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയില്‍ വ്യോമാക്രമണം നടത്തി ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല വധശിക്ഷ പുനരാരംഭിക്കാനും തീരുമാനിച്ചു. 552പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലുകളിലുണ്ട്. ഇതില്‍ 55പേരുടെ വധശിക്ഷ ഉടന്‍നടപ്പാക്കുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത.് ലോകരാഷ്ട്രങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവായി മാത്രമേ ഇതിനെ കാണാന്‍ കഴിയു. വധശിക്ഷ നടപ്പാക്കിയാല്‍ മാത്രമേ അത് പ്രാവര്‍ത്തികമായെന്നു പറയാനാവു.

ഇതിനിടയിലാണ് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും ലഷ്‌കര്‍-ഇ-തൊയ്ബ മുഖ്യ കമാന്‍ഡറുമായ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ക്കെതിരെ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസിന്റെ പേരില്‍ 2009ലാണ് ലഖ്‌വി ഉള്‍പ്പെടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്. ഭീകരാക്രമണ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക് ഭരണകൂടം സ്വീകരിക്കുന്ന സമീപനം എത്ര ലഘുവാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ജാമ്യം ലഭിച്ച സംഭവം. പാകിസ്ഥാനില്‍ നടന്ന കൂട്ടക്കുരുതിയും ഭീകരന് ജാമ്യം ലഭിച്ച സംഭവവും ചേര്‍ത്തുവായിക്കുമ്പോള്‍ പാകിസ്ഥാന്റെ വികൃതമുഖം തെളിഞ്ഞുകാണാനാകും.

പാകിസ്ഥാന്‍ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥ സ്വയംകൃതാനര്‍ത്ഥമാണ്. ആ രാജ്യത്തിന്റെ സ്വത്വത്തിനുനേരെ വെല്ലുവിളി ഉയര്‍ത്താവുന്നിടത്തോളം ഭീകരത രാക്ഷസരൂപം പൂണ്ടുകഴിഞ്ഞു. അയല്‍ രാഷ്ട്രമായ ഭാരതത്തെ തോല്‍പ്പിക്കാന്‍ വളര്‍ത്തി വലുതാക്കിയ ഭീകരത ഇന്ന് പാകിസ്ഥാനുനേരെ വാപിളര്‍ത്തി നില്‍ക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ ഇതില്‍നിന്ന് വളരെ പെട്ടെന്ന് ആ രാജ്യത്തിന് മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കുമെന്നാണ് ചൊല്ല്. പാകിസ്ഥാന്‍ കൊണ്ടാലും പഠിച്ചില്ലെങ്കില്‍ ഈ രാജ്യം ലോക ഭൂപടത്തില്‍ ഇനി എത്രകാലംകൂടി ഉണ്ടാകും എന്ന ചോദ്യം മാത്രമാകും അവശേഷിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍