ദേശീയ പാത വികസനം: അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

January 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയ്‌ക്ക്‌ പുറമേയുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കിക്കേണ്ടതില്ലെന്നും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.
പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്ററില്‍ തന്നെ വികസിപ്പിക്കുന്നതിനും തീരുമാനമായി. നേരത്തെ കേരളം അവതരിപ്പിച്ച പുനരധിവാസ പാക്കേജിന്‌ കേന്ദ്രം അംഗീകാരം നല്‍കാത്തതിനാല്‍ പുതിയ പാക്കേജിനാണ്‌ ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്‌. പഴയ പാക്കേജില്‍ പുനരധിവാസത്തിന്‌ വേണ്ട മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ ഇപ്പോഴത്തെ പാക്കേജില്‍ അധിക ചെലവ്‌ സംസ്ഥാനം തന്നെ വഹിക്കും. സ്ഥലമേറ്റെടുക്കുന്നതിന്‌ ആവശ്യമായ കമ്പോളവില കേന്ദ്രം നല്‍കും. ദേശീയപാത വികസനത്തിന്‌ സ്ഥലമേറ്റെടുക്കുമ്പോഴുള്ള പുനരധിവാസ പാക്കേജിന്‌ അംഗീകാരം നല്‍കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം