അമാനുഷികനായ ആചാര്യന്‍ – സഹസ്രകിരണന്‍

September 3, 2015 സനാതനം

ഡോ.എം.പി ബാലകൃഷ്ണന്‍

സാധുജീവികളോടുള്ള കാരുണ്യവശാലല്ലാതെയും അനേകം അമാനുഷിക പ്രവൃത്തികള്‍ സ്വാമി ചെയ്തിട്ടുണ്ട്. മനുഷ്യജീവികളായ ചിലരെ തക്കതായ പാഠം പഠിപ്പിച്ചു വിവേകികളാക്കുവാന്‍ വേണ്ടിയുള്ളവയായിരുന്നു ആ അത്ഭുത പ്രവൃത്തികള്‍.

തിരുവനന്തപുരത്ത് കരമനയാറ്റിനടുത്തുള്ള ഒരു വീട്ടില്‍ സ്വാമികള്‍ വിശ്രമിക്കുന്ന കാലം. അന്നത്തെ തിരുവനന്തപുരം തഹസീല്‍ദാര്‍ രാജശേഖരന്‍തമ്പി കൈക്കൂലിക്കും അഴിമതിക്കും പേരുകേട്ട ഒരു അഹങ്കാരി ആയിരുന്നു. തന്റെ പിറന്നാള്‍ സദ്യയില്‍ ചട്ടമ്പിസ്വാമിയെക്കൂടി പങ്കെടുപ്പിക്കണമെന്നദ്ദേഹം ക്ഷണിച്ചപ്പോള്‍ താന്‍ മാത്രമല്ല തന്നോടൊപ്പം അമ്പതുപേര്‍കൂടിയുണ്ടാവും എന്നായി സ്വാമികള്‍.

പിന്നേറ്റുച്ചയോടെ സ്വാമികള്‍ തമ്പിയുടെ വീട്ടിലേക്കു തിരിച്ചു. വഴിയില്‍ കണ്ട തെണ്ടിപ്പട്ടികളെയെല്ലാം കൂടെകൂട്ടി. സ്ഥലത്തെത്തിയപ്പോള്‍ അമ്പതുമായി.

വലിയ പന്തലും അലങ്കാരവും സര്‍ക്കാരുദ്യോഗസ്ഥന്മാരും പ്രമാണികളും ഹാജരുണ്ട്. സ്വാമിജി പട്ടികളെ പുറത്തു നിര്‍ത്തി പന്തലില്‍ പ്രവേശിച്ചു. തഹസീല്‍ദാര്‍ സ്വാമികളെ സ്വാഗതം ചെയ്തു. ‘അമ്പതുപേര്‍കൂടിയുണ്ടാവുമെന്നു പറഞ്ഞിരുന്നല്ലോ?’ ‘ഉണ്ട്. ഇല വയ്ക്കുമ്പോള്‍ അവരെല്ലാം എത്തും.’

ആദ്യപന്തിയില്‍ സ്വാമിക്കും കൂട്ടര്‍ക്കുമായി അമ്പത്തൊന്ന് ഇലയിട്ടു വിളമ്പി. ഉടനെ സ്വാമി പുറത്തേക്കുനോക്കി വിളിച്ചു. ‘മക്കളേ വരിന്‍.’ തികഞ്ഞ അച്ചടക്കത്തോടെ പട്ടികള്‍ ഓരോ ഇലയ്ക്കു മുന്നിലും സ്ഥാനം പിടിച്ചു. പിന്‍കാലുകള്‍ മടക്കി കൈകള്‍ നിലത്തൂന്നിയാണിരിപ്പ്. ഒന്നാമത്തെ ഇലയില്‍ സ്വാമി ഇരുന്നു. ഈ അസാധാരണകാഴ്ചകണ്ട് അവിടെയുള്ളവരെല്ലാം തിരിച്ചുനിന്നു. തഹസീല്‍ദാര്‍ തമ്പിയ്ക്കാണെങ്കില്‍ ചെകിട്ടത്തടികിട്ടിയ അനുഭവം. എന്തുചെയ്യും. സ്വാമികള്‍ക്കും ശിഷ്യര്‍ക്കും കഴിയ്ക്കുന്ന മുറയ്ക്കു വിളമ്പിക്കൊടുക്കാതെ പറ്റുമോ? എല്ലാമായപ്പോള്‍ സ്വാമി പറഞ്ഞു. ‘മക്കളേ ഇനി പോകാം. അവരവരുടെ ഇലകൂടി എടുത്തുകൊള്ളണം.’ അതതിന്റെ ഇല കടിച്ചെടുത്തു കൊണ്ടു പട്ടികള്‍ വരിയായി പുറത്തേക്കുപോയി. സ്വാമി കൈകഴുകി വീണ്ടും പന്തലിലെത്തിയപ്പോള്‍, ഇത്ര കടുത്ത അധിക്ഷേപം വേണ്ടായിരുന്നു എന്ന ഭാവവുമായി നില്‍ക്കുന്നു തഹസീല്‍ദാര്‍. അപ്പോള്‍ ഏവരും കേള്‍ക്കെ സ്വാമി പറഞ്ഞു. ‘ഈ വന്നതൊക്കെ വെറും തെരുവുനായ്ക്കളാണെന്നായിരിക്കും നിങ്ങളുടെ വിചാരം. ഈ ജന്മം അങ്ങനെതന്നെ. പക്ഷേ കഴിഞ്ഞ ജന്മത്തില്‍ തിരുവിതാംകൂറിലെ വലിയ ഉദ്യോഗസ്ഥരും പ്രമാണിമാരും ആയിരുന്നവരാണ് ഇവര്‍.

ഒന്നാമനാമിവനാരെന്നറിയുമോ?
സമ്മാന്യനാണു കഴിഞ്ഞ ജന്മങ്ങളില്‍.
അന്യായകര്‍മ്മമനേകമന്നാചരി-
ച്ചിന്നീവിധത്തിലിവന്‍ ജനിച്ചീടിനാന്‍.

…………………………………………………………

കാവിനിറത്തിലിരുന്നു വാലാട്ടുമി-
ശ്വാവിനെക്കണ്ടുവോ? രണ്ടാമനാമിവന്‍
സന്ന്യാസവേഷമണിഞ്ഞു കാപാലിക-
ദുര്‍ന്നയം കാട്ടിനടന്ന മര്‍ത്ത്യാധമന്‍

………………………………………………………..

മൂന്നാമനായ കറുത്തവന്‍ ഭാര്യയെ-
ത്തോരാത്ത ബാഷ്പജലം കുടിപ്പിച്ചവന്‍

………………………………………………………..

നാലാമനാകുമിപ്പുള്ളിയെഴുന്നവന്‍
ദേവാലയത്തിനെക്കൊള്ളയടിച്ചവന്‍

കൈക്കൂലി, അഴിമതി, സാധുജനദ്രോഹം ഇവയിലൂടെ പണം ഒരുപാടുണ്ടാക്കി. അതിന്റെയെല്ലാം ഫലമാണ് ഈ ജന്മം ഇങ്ങനെയായത്. ഇക്കൂട്ടത്തില്‍ നിങ്ങളുടെ പൂര്‍വ്വികരുമുണ്ട്. അച്ഛന്‍, അമ്മാവന്‍, അപ്പൂപ്പന്‍. കാണണമോ? തഹസീല്‍ദാര്‍ രാജശേഖരന്‍തമ്പി സ്വാമികളുടെ കാലില്‍ വീണു വിതുമ്പി.

ആരോ പറഞ്ഞു ചട്ടമ്പിസ്വാമികള്‍ക്ക് ചെമ്പിനെ സ്വര്‍ണ്ണമാക്കാനുള്ള വിദ്യ അറിയാമെന്ന്. അത്യാഗ്രഹിയായ കേശവന്‍ അതു വിശ്വസിച്ചു സ്വാമിയുടെ പിന്നാലെ കൂടി. വിലക്കിയിട്ടും കേള്‍ക്കാതെ, എന്നെങ്കിലും ഒരിക്കല്‍ വിദ്യ ഉപദേശിക്കും എന്ന പ്രതീക്ഷയില്‍ അയാള്‍ സ്വാമിയെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ സഞ്ചരിക്കേ ഒരു ദിവസം അരൂരില്‍ നിന്നും അരുക്കുറ്റിക്കുള്ള കടത്തു കടക്കാനവര്‍ കടവിലെത്തി. വള്ളക്കാരനെ കണ്ടില്ല. മഴക്കാലമായതിനാല്‍ നല്ല കാറ്റുംകോളുമുണ്ട്. സ്വാമി അവിടെക്കണ്ട ഒരു ചെറിയ കൊതുമ്പുവള്ളത്തില്‍ കയറി. കേശവനും കൂടെക്കയറി. സ്വാമി തന്നെ പങ്കായമെടുത്തുതുഴഞ്ഞു. ശക്തിയായ കാറ്റ്. വലിയ ഓളങ്ങള്‍ വള്ളത്തില്‍ വെള്ളമടിച്ചുകയറ്റി. എന്തിനധികം? വള്ളം മറിഞ്ഞു. സ്വാമിക്കു നീന്താനറിയാം. കേശവനൊട്ടറിയില്ലതാനും. അയാള്‍ മുങ്ങിയും പൊങ്ങിയും വെള്ളം കുടിക്കുകയാണ്. സ്വാമി വിളിച്ചുചോദിച്ചു. ‘കേശവാ, ചെമ്പിനെ സ്വര്‍ണ്ണമാക്കുന്ന വിദ്യവേണ്ടേ? ഇപ്പോള്‍ ഉപദേശിച്ചുതരാം.’ ‘വേണ്ട സ്വാമീ…. ജീവന്‍ മതി.’

സ്വാമി അയാളെയും പിടിച്ചുകൊണ്ടു നീന്തി, മറുകരയിലെത്തി.

സ്വാമി തിരുവടികളെ ഒരാള്‍ മത്സരിച്ചു നീന്താന്‍ ക്ഷണിച്ച സംഭവവുമുണ്ട്. അതു പെരുമ്പാവൂരില്‍ വച്ചായിരുന്നു. ഗുരുവായൂര്‍കാരനായ ഒരുമേനവനാണു വെല്ലുവിളിച്ചത്. തന്റെ കഴിവില്‍ പൂര്‍ണ്ണവിശ്വാസവും നല്ല തടിമിടുക്കുമുള്ള ആളായിരുന്നു മേനവന്‍.

‘എനിക്കു വയസ്സുകാലം.’ സ്വാമിജി പറഞ്ഞു. പിന്നെ നിര്‍ബന്ധമെങ്കില്‍ നീന്താം.

സമീപത്തുള്ള വലിയ ചിറയുടെ വിസ്താരമേറിയ ഭാഗമാണു മത്സരത്തിനു തെരഞ്ഞെടുത്തത്. കടവിന്റെ തെക്കുഭാഗത്തുനിന്നും നീന്തി അക്കരെയെത്തണം. കരയില്‍ തൊടാനേ പാടുള്ളൂ, ഉടന്‍ തിരികെ നീന്തി പുറപ്പെട്ട സ്ഥാനത്തെത്തണം.

ഇരുവരും വെള്ളത്തില്‍ചാടി നീന്തല്‍ തുടങ്ങി. മേനോന്‍ തന്നെ മുന്നില്‍. സ്വാമികള്‍ മന്ദഗതിയില്‍ പിന്നാലെ. പകുതിദൂരമായപ്പോള്‍ മേനോന്റെ വേഗത കുറഞ്ഞു. സ്വാമിയുടെ വേഗതകൂടി. മറുകര സ്പര്‍ശിച്ചു മടങ്ങുമ്പോഴേക്കും മേനോന്‍ കൈകാല്‍ കുഴഞ്ഞ് ഒരിഞ്ച് മുന്നേറാനാവാതെ വിഷമിക്കുന്നു. സ്വാമികള്‍ സമീപത്തെത്തിയപ്പോള്‍ ‘ക്ഷമിക്കണം’ എന്നൊരു വാക്കോടെ മേനോന്‍ മുങ്ങിത്താഴാനും തുടങ്ങി. സ്വാമികള്‍ ഇടതുകൈകൊണ്ടയാളെ താങ്ങിപ്പിടിച്ചു നീന്തി കരയ്ക്കണഞ്ഞു എന്നാണു ദൃക്‌സാക്ഷികളുടെ വിവരണം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം