പാമോയില്‍ കേസ്‌: സുപ്രീംകോടതി സ്റ്റേ നീക്കി

January 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ വിചാരണയ്‌ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കി. കെ. കരുണാകരന്‍ നല്‍കിയ അപ്പീലിലാണ്‌ സുപ്രീംകോടതി വിചാരണയ്‌ക്ക്‌ സ്റ്റേ അനുവദിച്ചിരുന്നത്‌. എന്നാല്‍ കരുണാകരന്റെ നിര്യാണത്തെ തുടര്‍ന്ന്‌ അപ്പീല്‍ അപ്രസക്തമായതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. കരുണാകരന്‌ പകരം ആരും കേസ്‌ തുടരുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ്‌ സ്റ്റേ നീങ്ങിയത്‌.
കേസില്‍ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ. തോമസ്‌ ഉള്‍പ്പെടെ എട്ട്‌ പ്രതികളാണുള്ളത്‌. സ്റ്റേ നീങ്ങിയതോടെ ഇവര്‍ക്കെതിരായ വിചാരണ തുടരും. ജസ്റ്റിസുമാരായ അഫ്‌താബ്‌ ആലം, ആര്‍.എം. ലോധ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ സുപ്രീംകോടതിയില്‍ കേസ്‌ പരിഗണിച്ചത്‌. തിരുവനന്തപുരം പ്രത്യേക വിജലന്‍സ്‌ കോടതിയിലാണ്‌ കേസിന്റെ വിചാരണ. നാളെ കോടതി കേസ്‌ പരിഗണിക്കുന്നുണ്ട്‌. എന്നാല്‍ വിചാരണയ്‌ക്കുള്ള സ്റ്റേ നീക്കിയ സുപ്രീംകോടതി ഉത്തരവ്‌ രേഖാമൂലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1992 ല്‍ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‌ കോടികള്‍ നഷ്‌ടമുണ്ടായെന്നാണ്‌ കേസ്‌.
2004 ല്‍ ഈ കേസ്‌ പിന്‍വലിക്കാന്‍ അന്നത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ 2005ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തു. എന്നാല്‍ അടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ കേസ്‌ തുടരാന്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം