വയനാട്‌ നിയമനതട്ടിപ്പ്‌ കേസില്‍ ഷംസീറ കീഴടങ്ങി

January 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കല്‍പറ്റ: വയനാട്‌ നിയമന തട്ടിപ്പ്‌ കേസില്‍ പ്രതിയായ ഷംസീറ കീഴടങ്ങി. കല്‍പറ്റ ഡിവൈഎസ്‌പി ഓഫീസിലാണ്‌ ഷംസീറ കീഴടങ്ങിയത്‌. വിദേശത്ത്‌ ഒളിവിലായിരുന്നു ഷംസീറ. വ്യാജരേഖയുടെ സഹായത്താല്‍ ബത്തേരി വില്ലേജ്‌ ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ഷംസീറ ജോലി നേടിയിരുന്നു. ബത്തേരി സ്വദേശിനിയാണ്‌ ഷംസീറ. കേസുമായി ബന്ധപ്പെട്ട്‌ ഈ മാസം 10, 11 തീയതികളിലായി കോടതി മുന്‍പാകെ ഹാജരാകാന്‍ ഷംസീറയോട്‌ കോടതി നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ്‌ കീഴടങ്ങല്‍ എന്നാണ്‌ സൂചന. ഷംസീറയുടെ അച്ഛനും ഭര്‍ത്താവ്‌ എടത്തറ കറുത്തേടത്ത്‌ അഷ്‌റഫും കേസില്‍ പ്രതികളാണ്‌. നേരത്തെ ഷംസീറയ്‌ക്കായി മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം നല്‍കാന്‍ തയാറായിരുന്നില്ല. കേസിലെ എട്ടാം പ്രതിയാണ്‌ ഷംസീറ. 2010 ഏപ്രിലിലാണ്‌ ഷംസീറ ജോലിക്ക്‌ കയറിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം