എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു

January 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

എരുമേലി: മതസഹിഷ്‌ണുതയുടെ ഈടുവയ്‌പുകള്‍ ഒരിക്കല്‍ കൂടി തലമുറകള്‍ക്കു കൈമാറി അമ്പലപ്പുഴ സംഘം പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടത്തി. അയ്യപ്പന്‍ മഹിഷീ നിഗ്രഹത്തിലൂടെ തിന്മയെ കീഴടക്കിയതിന്റെ സ്‌മരണയിലാണു പേട്ടതുള്ളല്‍.
അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉച്ചപൂജ കഴിയുന്ന പുണ്യമുഹൂര്‍ത്തത്തിലാണ്‌ അമ്പലപ്പുഴ സംഘം എരുമേലിയില്‍ പേട്ടതുള്ളല്‍ ആരംഭിച്ചത്‌. ചുരിക, കമ്പ, കൂറ, അരമണി ഇവ ധരിച്ചു കളഭം വാരിപ്പൂശിയാണു സംഘം തുള്ളലിനെത്തിയത്‌. വിശ്വാസപ്പെരുമയുടെ ശരണംവിളി അന്തരീക്ഷമാകെ അലയടിച്ചപ്പോള്‍ ആകാശത്തു കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു പറന്നു. വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചയോടെ ആരംഭിച്ചപ്പോള്‍ നാടും നാട്ടുകാരും ഒപ്പംചേര്‍ന്നു. ഉച്ചകഴിഞ്ഞ്‌ ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ്‌ ആലങ്ങാട്ടു സംഘത്തിന്റെ തുള്ളല്‍ തുടങ്ങുന്നത്‌. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി പുറപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നതിനാല്‍ ആലങ്ങാട്ടു സംഘം മസ്‌ജിദില്‍ പ്രവേശിക്കാറില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം