ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന് 77 മരണം

January 11, 2011 മറ്റുവാര്‍ത്തകള്‍

ടെഹ്‌റാന്‍: ഇറാനിലെ പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഒറുമിയ നഗരത്തിനടുത്ത് യാത്രാവിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 77 ആയി. 27 പേര്‍ക്ക് പരിക്കുണ്ട്. ഒരാളെ കാണാതായി.

ടെഹ്‌റാനിലെ മെഹ്‌റാബാദ് നിന്ന് 105 യാത്രക്കാരുമായി ഒറുമിയയിലേക്ക് പോകുന്നതിനിടെ കനത്ത മൂടല്‍മഞ്ഞുള്ള കൃഷിയിടത്തില്‍ ഇറാന്‍ എയറിന്റെ ബോയിങ് 727 വിമാനം തകര്‍ന്നു വീഴുകയായിരുന്നു. തീ പിടിക്കാഞ്ഞതിനാല്‍ കൂടുതല്‍ ആള്‍ നാശമുണ്ടായില്ല.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിമാനത്തിന്റെ പഴക്കവും അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1974 -ലാണ് ഈ വിമാനം ഇറാന്റെ കൈയിലെത്തിയത്. യു.എസ്. ഉപരോധം കാരണം മുപ്പതു വര്‍ഷം മുമ്പ് വാങ്ങിയ വിമാനങ്ങള്‍ ഇപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കിട്ടാത്തതും അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍