ഭക്തിനിര്‍ഭരമായി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

January 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര ഇന്ന്‌ ഒന്നിനു പന്തളം വലിയകോയിക്കല്‍ ശാസ്‌താക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെ 4.15നു തിരുവാഭരണ ദര്‍ശനത്തോടെയാണു വലിയകോയിക്കല്‍ ക്ഷേത്രനട തുറന്നത്‌. പതിനായിരങ്ങളാണു ദര്‍ശനത്തിനും ഘോഷയാത്ര കാണുന്നതിനുമായി ക്ഷേത്രത്തില്‍ എത്തിയത്‌. പത്തരയോടെ വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയെ മേടക്കല്ലില്‍ നിന്നു രാജപ്രതിനിധി ചിത്തിരനാള്‍ പി.ആര്‍. രാഘവവര്‍മരാജയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നു വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കു സ്വീകരിച്ച്‌ ആനയിച്ചു.
പന്ത്രണ്ടിന്‌ ഉച്ചപ്പൂജയ്‌ക്കു ശേഷം പ്രത്യേകപൂജകള്‍ക്കും ദീപാരാധനയ്‌ക്കും ശേഷം മേല്‍ശാന്തി പൂജിച്ച ഉടവാള്‍ വലിയ തമ്പുരാനു നല്‍കി. തമ്പുരാന്‍ അതു പ്രതിനിധിക്കു കൈമാറുകയും ഈ വാളുമായാണു രാജപ്രതിനിധി ഘോഷയാത്രയ്‌ക്കു നേതൃത്വം നല്‍കുന്നതുമാണ്‌ പതിവ്‌. തുടര്‍ന്നു തിരുവാഭരണം എഴുന്നള്ളിക്കുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയും സംഘവും വലിയ തമ്പുരാനെ നമസ്‌കരിച്ച്‌ അനുഗ്രഹവും ഭസ്‌മവും വാങ്ങിയ ശേഷം ഗുരുസ്വാമി തിരുവാഭരണ പേടകം ശിരസ്സിലേറ്റി.
ഒന്നിനു നട തുറന്നു പേടകം പുറത്തേക്ക്‌ എഴുന്നള്ളിച്ചു. അപ്പോഴേക്കും കൊടിപ്പെട്ടിയും കളഭക്കുടപ്പെട്ടിയും ഘോഷയാത്രയ്‌ക്കു സജ്‌ജമായ നടപ്പന്തലിലൂടെ വാദ്യമേളങ്ങളുടെയും ആയിരക്കണക്കിന്‌ അയ്യപ്പന്മാരുടെയും അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു. ഘോഷയാത്രയുടെ ഇന്നത്തെ താവളം അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രമാണ്‌. നാളെ ളാഹ സത്രത്തിലെത്തി വിശ്രമിക്കും. മകരസംക്രമ ദിനമായ 14ന്‌ വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക്‌ ആഘോഷത്തോടെ സ്വീകരിച്ചാനയിക്കും. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ്‌ ദീപാരാധന.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം