ഓട്ടോ ടാക്‌സി നിരക്ക്‌ വര്‍ധിപ്പിച്ചു

January 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓട്ടോ ടാക്‌സി നിരക്ക്‌ വര്‍ധിപ്പിച്ചു. ഓട്ടോയ്‌ക്ക്‌ 12 രൂപയും ടാക്‌സിക്ക്‌ 60 രൂപയുമാണ്‌ പുതിയ മിനിമം നിരക്ക്‌. ഒട്ടോയുടെ നിരക്ക്‌ കിലോമീറ്റിന്‌ ഏഴും ടാക്‌സിയുടേത്‌ എട്ട്‌ രൂപയുമാണ്‌. നേരത്തെ ഓട്ടോയ്‌ക്ക്‌ പത്തു രൂപയും ടാക്‌സിക്ക്‌ 50 രൂപയുമായിരുന്നു മിനിമം നിരക്ക്‌. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന പരമാവധി ദൂരത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഫെയര്‍ റിവിഷന്‍ കമ്മറ്റിയുടെ തീരുമാനം അനുസരിച്ച്‌ ഇടക്കാല വര്‍ധനയാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.
2011-12ലെ വര്‍ഷിക പദ്ധതി അടങ്കലിന്‌ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 11030 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ്‌ അംഗീകാരം നല്‍കിയത്‌. പിഎസ്‌സിയിലെ എട്ട്‌ അംഗങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ മന്ത്രി സഭ തീരുമാനിച്ചു. സിപിഎമ്മില്‍ നിന്ന്‌ ആറും സിപിഐയില്‍ നിന്ന്‌ രണ്ടും അംഗങ്ങളാണ്‌ പിഎസ്‌സിിയിലെത്തുക. നേരത്തെ കോണ്‍ഗ്രസ്‌ എസ്സിലെ ഒരാളെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. കോണ്‍ഗ്രസ്‌ എസ്സിലെ തര്‍ക്കമാണ്‌ അവസാന നിമിഷം ഒഴിവാക്കാന്‍ തീരുമാനിച്ചത്‌. കോണ്‍ഗ്രസ്‌ എസ്സിന്റെ അംഗത്വം സിപിഎം ഏറ്റെടുത്തു. ഡോ.എംകെ ജീവനെ സിപിഎം പ്രതിനിധിയായി നിയമിച്ചു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധിയുടെ അഭ്യര്‍ഥന മാനിച്ച്‌ പൊങ്കല്‍ ദിനത്തില്‍ (ഈ മാസം 15ന്‌) തിരുവനന്തപുരം, പാലക്കാട്‌ , പത്തനംതിട്ട, ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രദേശിക അവധി നല്‍കാന്‍ തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം