ബസ്സിടിച്ച്‌ അച്ഛനും മകളും മരിച്ചു: നാട്ടുകാര്‍ ബസ്സ്‌ കത്തിച്ചു

January 13, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ഭരണിക്കാവ്‌: കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ സ്വകാര്യ ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പടിഞ്ഞാറെ കല്ലട സ്വദേശി ശശിധരന്‍(57), മകള്‍ ആതിര(17) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെ 7.45 നാണ്‌ സംഭവം. അപകടത്തെ തുടര്‍ന്ന്‌ രോഷാകുലരായ നാട്ടുകാര്‍ ആദ്യം ബസ്സ്‌ അടിച്ചുതകര്‍ക്കുകയും പിന്നാലെ തീയിടുകയും ചെയ്‌തു. ബസ്‌ തല്ലിത്തകര്‍ക്കുന്നത്‌ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.
തീയണക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ ഭാഗത്ത്‌ നിന്ന്‌ നീക്കം നടന്നു. എന്നാല്‍ ജനക്കൂട്ടത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അവര്‍ പിന്‍വാങ്ങി. നടുറോഡിലിട്ടാണ്‌ ബസ്‌ കത്തിച്ചത്‌. പോലീസിന്‌ നേര്‍ക്കും കല്ലേറുണ്ടായി. ബസ്സിന്റെ അമിതവേഗതയാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭരണിക്കാവില്‍ രാവിലെ മകളെ ട്യൂഷന്‍ സെന്ററിലെത്തിക്കാനായി ബൈക്കിലെത്തിയതാണ്‌ ശശിധരന്‍. ബൈക്കില്‍ നിന്ന്‌ ആതിര ഇറങ്ങുമ്പോഴാണ്‌ ബസ്‌ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്‌.
നൂറുമീറ്ററോളം ബൈക്കുമായി മുന്നോട്ട്‌ നീങ്ങിയ ശേഷമാണ്‌ ബസ്‌ നിന്നത്‌. ഉടന്‍ തന്നെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. അപകടത്തില്‍ പ്രതിഷേധിച്ച്‌ ശാസ്‌താംകോട്ട, കുന്നത്തൂര്‍ താലൂക്കില്‍ കോണ്‍ഗ്രസ്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. സ്വകാര്യ ബസ്സുകളും, കെ.എസ്‌,ആര്‍.ടി.സി ബസ്സുകളും സര്‍വീസ്‌ നടത്തുന്നില്ല. മത്സരഓട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാതെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ്‌ നടത്താന്‍ അനുവദിക്കില്ലെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസും, ഡി.വൈ.എഫ്‌.ഐയും വ്യക്തമാക്കിയിട്ടുണ്ട്‌. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ്‌ അപകടം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം