ഹെല്‍മറ്റ്‌ വേട്ട: വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌

January 13, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: ഹെല്‍മറ്റ്‌ വേട്ടയ്‌ക്കിടെ ബൈക്കില്‍ നിന്ന്‌ റോഡിലേക്ക്‌ തെറിച്ചുവീണ്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌. സുഹൃത്ത്‌ സല്‍മാനൊപ്പം ബൈക്കില്‍ യാത്രചെയ്‌ത ജെ.ഡി.ടി.യിലെ ഒന്നാംവര്‍ഷ ബീകോം വിദ്യാര്‍ഥി ജംഷാദ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. എലത്തൂര്‍ സ്വദേശിയാണ്‌. രാവിലെ പത്തിന്‌ എരഞ്ഞിപ്പാലം ബൈപ്പാസ്‌ ജംഗ്‌ഷനിലാണ്‌ സംഭവം.
ജംഷാദിനെ ബൈക്കില്‍ ജംഗ്‌ഷന്‍ കടന്ന ഉടനെയാണ്‌ ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പോലീസ്‌ കൈകാണിച്ചത്‌. തിരക്കിനിടെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ജംഷാദിനെ പിന്നാലെ ഓടിയെത്തി പോലീസ്‌ ഷര്‍ട്ടിനു പിടിച്ച്‌ വലിച്ചു. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ജംഷാദും സുഹൃത്തും തെറിച്ചുവീണു. പുറകിലെത്തിയ ഓട്ടോറിക്ഷ ജംഷാദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
സംഭവത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക്‌ നേരെ പോലീസ്‌ ലാത്തിവീശി. രോഷാകുലരായ വിദ്യാര്‍ഥികള്‍ റോഡ്‌ ഉപരോധിച്ചു. വിദ്യാര്‍ഥികളെത്തുരത്താന്‍ പോലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. പോലീസിനെതിരെ പ്രകോപിതരായ ജനക്കൂട്ടവും വിദ്യാര്‍ഥികളും ഒരുമണിക്കൂര്‍ ദേശീയപാതയും ഉപരോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം