ഭാരതീയ വിദ്യാഭ്യാസം – ലക്ഷ്മണോപദേശം

March 17, 2015 സനാതനം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

വിദ്യാഭ്യാസ പദ്ധതി അദ്ധ്യായം – 6 ന്റെ തുടര്‍ച്ച്

ഭാരതീയ വിദ്യാഭ്യാസം
ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള പദങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം. സമൂഹത്തെ വഞ്ചിച്ചും പീഡിപ്പിച്ചും സ്ഥാനമാനങ്ങളും ധനവും തട്ടിയെടുക്കാന്‍ പഠിപ്പിക്കുന്ന അഭ്യാസമുറയായി അതു അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു. ദിനംതോറും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പൈശാചികമായ ക്രൂരകര്‍മ്മങ്ങള്‍ ചെയ്യുന്നതു നിരക്ഷരരല്ല. മറിച്ചു ഇന്നത്തെ സമ്പ്രദായത്തിലുള്ള അഭ്യസ്ഥവിദ്യരാണ്. എന്തുകൊണ്ട്? ദഹിക്കാത്ത കുറേ ഭൗതികാശയങ്ങള്‍ തലയില്‍ കുത്തിത്തിരുകുന്ന ഏര്‍പ്പാടുമാത്രമാണു പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കുന്ന ജീവിതത്തിന്റെ പരമലക്ഷ്യത്തിലേക്കു കുതിച്ചുയരാന്‍ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസസമ്പ്രദായം ആധുനിക ഭാരതത്തിനു അന്യായിക്കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്നും നാം കാട്ടിക്കൂട്ടുന്നതില്‍ ഏറിയപങ്കും മനുഷ്യനെ പിശാചാക്കാന്‍പോന്ന അവിദ്യാഭ്യാസമാണ്.

ആത്മാവാണു ഞാനെന്ന അറിവാണു വിദ്യ. അതുണ്ടാകാനുള്ള പരിശീലനമാണു വിദ്യാഭ്യാസം. ആദ്ധ്യാത്മികവും ഭൗതികവുമായ അറിവുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ആത്മബോധം വളരുംവിധമായിരിക്കണം. കണ്വന്‍, വസിഷ്ഠന്‍, സാന്ദീപിനി തുടങ്ങിയ പ്രാചീനഭാരതത്തിലെ കുലപതിമാര്‍ ആശ്രമങ്ങളില്‍വച്ചു നല്‍കിയ അത്തരമൊരു വിദ്യാഭ്യാസപദ്ധതിയുടെ ഉത്പന്നങ്ങളാണ് ശ്രീരാമന്‍. ശ്രീകൃഷ്ണന്‍, യുധിഷ്ഠിരന്‍, വേദവ്യാസന്‍, വാല്മീകി തുടങ്ങിയ മഹാപ്രതിഭകളായ അവതാരപുരുഷന്മാര്‍. ഭൗതികരംഗത്തും ആദ്ധ്യാത്മികരംഗത്തും അവര്‍ നല്‍കിയിട്ടുള്ള സംഭാവനകളെ വെല്ലാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന മഹാസത്യം വിസ്മരിക്കാവതല്ല. അവിദ്യാവാസാനകളൂട്ടിയുറപ്പിക്കുന്ന സായ്പിന്റെ തലതിരിഞ്ഞ സമ്പ്രദായങ്ങള്‍ വെടിഞ്ഞ് ഭാരതീയമായ വിദ്യാഭ്യാസ പദ്ധതി വീണ്ടുമേര്‍പ്പെടുത്തിയാല്‍വരും തലമുറയില്‍പെട്ട യുവതീയുവാക്കള്‍ രാമനും കൃഷ്ണനും സീതയും സാവിത്രിയുമെല്ലാമായിത്തീരുമെന്നതിനു സംശയം വേണ്ട.

വിദ്യാഭ്യാസമാരംഭിക്കുന്നത് വിദ്യാലയത്തില്‍ ചെല്ലുമ്പോഴല്ല. ഗര്‍ഭത്തിലിരിക്കുമ്പോഴാണ്. കുടുംബ ജീവിതത്തെ ഗൃഹസ്ഥാശ്രമമായി കരുതിയും അതിനു കര്‍ശനമായ ചിട്ടകള്‍ ആചാര്യന്മാര്‍ ഏര്‍പ്പെടുത്തിയതും അതുകൊണ്ടാണ്. മൃഗസദൃശമായ സുഖാനുഭവങ്ങള്‍ക്കുള്ള അവസരമായല്ല. മറിച്ച് ധര്‍മ്മാനുഷ്ടാനത്തിനുള്ള സന്ദര്‍ഭമായാണ് ഭാരതീയര്‍ ഗൃഹസ്ഥാശ്രമത്തെ കണ്ടത്. പത്‌നിക്കു സഹധര്‍മ്മിണി എന്നു പേരുവന്നതും അതുകൊണ്ടാണ്. മാതാപിതാക്കന്മാരുടെ വികാരവിചാരങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ മനസ്സിനെയും ബുദ്ധിയെയും സ്വഭാവത്തെയും എന്തിനേറെ ശരീരത്തെപ്പോലും രൂപീകരിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. ഗര്‍ഭിണിയായ കയാധു ആശ്രമത്തില്‍ കഴിഞ്ഞതിന്റെ ഫലമായി പ്രഹ്ലാദന്‍ പരമഭക്തനായിത്തീര്‍ന്ന കഥ ഭാഗവത പ്രസിദ്ധമാണ്. ആധുനികശാസ്ത്രവും ഈ വസ്തുത അംഗീകരിക്കുന്നു.

ഉദയനാദികര്‍മ്മവും ഗുരുകുലവാസവും കരുത്തുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ ആവശ്യമാണ്. ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ ആശ്രമത്തിലെ കര്‍ശനമായ അനുഷ്ടാന പദ്ധതികള്‍ക്കുള്ളില്‍ ലളിതജീവിതം നയിച്ചുകൊണ്ട് ഗുരുവില്‍നിന്നു നേരിട്ടു വിദ്യയഭ്യസിക്കുന്ന സമ്പ്രദായം ഭാരതത്തിനുമാത്രമുള്ളതാണ്. ഇവിടെ ഏതെങ്കിലും കുറേ ആശയങ്ങള്‍ തലയില്‍ തിരുകുകയല്ല. മറിച്ച് ഉദാത്തമായ സത്യങ്ങള്‍ സ്വാംശീകരിച്ച് പ്രായോഗികമണ്ഡലത്തില്‍ കൊണ്ടുവരാനുള്ള പരിശീലനമാണു നേടുന്നത്. തിരിയില്‍നിന്നു കൊളുത്തിയ പന്തങ്ങള്‍പോലെ മഹാപ്രതിഭകള്‍ വളര്‍ന്നു വന്നത് തന്മൂലമാണ്. അതിന്റെ ചുവടുപിടിച്ച് അവിദ്യാവാസനകളെ അകറ്റുന്ന അറിവുനേടുകയാണ് മോക്ഷേച്ഛുവായ മനുഷ്യന്‍ ചെയ്യേണ്ടത്.

‘തത്രകാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ.
മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍,
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാര ബന്ധനം
ക്രോധമല്ലോ നിജ ധര്‍മ്മ ക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം.’

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം