കൈവെട്ടു കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

January 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി:  ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 27 പേര്‍ക്കെതിരെ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ്‌ പ്രൊഫസര്‍ ടി.ജെ.ജോസഫ്‌ ആക്രമിക്കപ്പെട്ടത്‌. കേസില്‍ ആകെ 54 പ്രതികളാണ്‌ ഉള്ളത്‌. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഓടക്കാലി അശമന്നൂര്‍ സവാദ്‌ കേസില്‍ ഒന്നാം പ്രതിയും ആലുവ ശ്രീമുലനഗരം കുളപ്പുരയില്‍ ജമാല്‍ രണ്ടാം പ്രതിയുമാണ്‌. ഇരുവരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
അധ്യാപകനെ ആക്രമിച്ച സംഘത്തില്‍പ്പെട്ട കോതമംഗലം വെണ്ടുവഴി ഷോബിന്‍, മൂവാറ്റുപുഴ കിഴക്കേക്കര മോളേക്കുടി ഷജില്‍, പെരുമ്പാവൂര്‍ വെങ്ങോല ഷംസുദ്ദീന്‍, പറവൂര്‍ കേട്ടുവളളി ഷാനവാസ്‌, നോര്‍ത്ത്‌ വാഴക്കുളം പരീത്‌ എന്നിവരാണ്‌ ആദ്യ പ്രതി സ്‌ഥാനങ്ങളിലുള്ളത്‌. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട്‌ നാസറാണ്‌ അക്രമത്തിന്റെ ആസുത്രകനെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌ കൈവെട്ട്‌ കേസ്‌ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതിയിലാണ്‌ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസില്‍ 255 സാക്ഷികളാണ്‌ ഉള്ളത്‌.
കൃത്യത്തിന്റെ ഗൂഡാലോചനയിലും ആസൂത്രണത്തിലും പങ്കുള്ള യൂനസും കെ.കെ.അലിയും പ്രതി പട്ടികയില്‍ എട്ട്‌, ഒന്‍പതു സ്‌ഥാനങ്ങളിലാണ്‌. കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌, എസ്‌ഡിപിഐ സംഘടനകളെ കുറിച്ചു നിരവധി പരാമര്‍ശങ്ങളുണ്ട്‌. പ്രതികളെ രക്ഷപെടുത്താന്‍ ഇരു സംഘടനകളും ബോധപൂര്‍വം ശ്രമിച്ചെന്നും പ്രതികള്‍ക്കെല്ലാവര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌.കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും എസ്‌ഡിപിഐയും ശ്രമിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം