മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

January 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ശബരിമല: മകരസംക്രമദിനത്തിലെ പുണ്യദര്‍ശനത്തിന്‌ സന്നിധാനം ഒരുങ്ങി. ശബരിമലനിരകളില്‍ അലയടിക്കുന്ന ശരണംവിളികളുടെ മാന്ത്രിക അന്തരീക്ഷത്തില്‍ ഇന്നു സന്ധ്യക്ക്‌ ഏഴു മണി കഴിഞ്ഞ്‌ പൊന്നമ്പലമേട്ടില്‍ മകരവിളക്ക്‌ തെളിയും. മകരജ്യോതി ദര്‍ശനത്തിനായി ഭക്‌തമഹാസാഗരമാണു മലകയറി കാത്തിരിക്കുന്നത്‌. പ്രകൃതി ദക്ഷിണായനത്തില്‍ നിന്ന്‌ ഉത്തരായനത്തിലേക്ക്‌ സംക്രമണം ആരംഭിക്കുന്ന മുഹൂര്‍ത്തമായ വൈകിട്ട്‌ 6.44നു ക്ഷേത്രത്തില്‍ മകരസംക്രമ പൂജ നടക്കും.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയയ്‌ക്കുന്ന നെയ്യ്‌ ഉപയോഗിച്ച്‌ അഭിഷേകം നടത്തിയതിനു ശേഷമാണ്‌ പൂജകള്‍ ആരംഭിക്കുക. തുടര്‍ന്നു പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരീശനു ദീപാരാധന. അഞ്ചു പതിറ്റാണ്ടിനു ശേഷം ദീപാരാധന സമയത്ത്‌ സംക്രമപൂജയും നടക്കുന്നു എന്ന അപൂര്‍വതയും ഇത്തവണ ഉണ്ട്‌. ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കും. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാരാധനയാണിതെന്നാണ്‌ സങ്കല്‍പ്പം. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
പമ്പയിലും സന്നിധാനത്തും ഇന്നലെ മുതല്‍ ഭക്തജനങ്ങളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ജ്യോതി സുഗമമായി ദര്‍ശിക്കാന്‍ കഴിയുന്ന പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്‌ എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ ഭക്‌തര്‍ പര്‍ണശാലകള്‍ കെട്ടി താമസിക്കുകയാണ്‌.
പുതുതായി എത്തുന്നവര്‍ക്ക്‌ നില്‍ക്കാന്‍പോലും സ്‌ഥലമില്ലാതായതോടെ പമ്പയിലേക്കുള്ള വാഹനങ്ങള്‍ പൊലീസ്‌ ബുധനാഴ്‌ച രാത്രി തന്നെ വടശേരിക്കര മുതല്‍ തടഞ്ഞുതുടങ്ങിയിരുന്നു. പലയിടത്തും ഇതു ചെറിയ തോതില്‍ സംഘര്‍ഷത്തിന്‌ ഇടയാക്കി. തിരക്ക്‌ നിയന്ത്രണാധീനമായാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടയുമെന്നുള്ള പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം