കാശ്‌മീരിലെ നാലിലൊന്ന്‌ സൈന്യത്തെ പിന്‍വലിക്കും

January 14, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: ജമ്മു കാശ്‌മീരില്‍ നിന്ന്‌ 25 ശതമാനം സുരക്ഷാ ഉദ്യോഗസ്‌ഥരെ പിന്‍വലിക്കുമെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. 25 ശതമാനം സുരക്ഷാ ഉദ്യോഗസ്‌ഥരെ പിന്‍വലിക്കുന്നതിനൊപ്പം ശ്രീനഗറില്‍ നിന്ന്‌ കൂടുതല്‍ ബങ്കറുകള്‍ നീക്കം ചെയ്യും. പ്രത്യേകിച്ച്‌ ജനവാസമേഖലകളില്‍ നിന്നായിരിക്കും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പിന്മാറ്റമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ സിംപോസിയത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം ഏപ്രില്‍ മാസത്തോടെ സംസ്‌ഥാനത്തെ രാഷ്‌ട്രീയ പ്രശ്‌നത്തിനു അന്തിമപരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മധ്യസ്‌ഥ സംഘത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി.കെ. പിള്ള അറിയിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദിലീപ്‌ പഡ്‌ഗോങ്കര്‍, വിദ്യാഭ്യാസ വിദഗ്‌ധന്‍ രാധാകുമാര്‍, സാമ്പത്തിക വിദഗ്‌ധന്‍ എം.എം. അന്‍സാരി എന്നിവരാണ്‌ മധ്യസ്‌ഥ സംഘത്തിലുള്ളത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം