നിയമസഭയില്‍ കരനെല്‍കൃഷി

May 22, 2015 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭാ വളപ്പിലെ കരനെല്‍കൃഷി ഞാറ് നട്ട് സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ ഗാര്‍ഡനില്‍ ഇനിമുതല്‍ പൂക്കളോടൊപ്പം പച്ചക്കറികളും നെല്ലും വിളയുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നെല്‍-പച്ചക്കറി കൃഷി വ്യാപകമാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ പൂന്തോട്ടം മുഴുവനും പൂച്ചെടികളോടൊപ്പം ജൈവ പച്ചക്കറി തോട്ടവും സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 115-120 ദിവസം മൂപ്പുള്ള ഉമ എന്ന നെല്ലിനമാണ് കൃഷിക്കുപയോഗിച്ചത്. ഞാറ്, കൃഷി വകുപ്പിന്റെ ഉള്ളൂര്‍ സീഡ് ഫാമാണ് ലഭ്യമാക്കിയത്. സാധാരണ കര നെല്‍കൃഷിയില്‍ നെല്‍വിത്തും ചാണകവും ചേര്‍ത്ത് വിതയ്ക്കുകയാണ് ചെയ്യുന്നത്. നിയമസഭാ സ്പീക്കറോടൊപ്പം സ്‌കൂള്‍ കുട്ടികളും ജീവനക്കാരും പങ്കുചേര്‍ന്നു. കൃഷിപ്പാട്ടും ഉത്സാഹാന്തരീക്ഷവും പരിപാടിക്ക് കൊഴുപ്പേകി. നെല്ല് വിളവെടുപ്പ് ഒരു ഉത്സവമാക്കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. സെക്രട്ടറി പി.ഡി.ശാരംഗധരന്‍, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ ജയദാസ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍