പൊതുജനങ്ങളും പോലീസും: പെരുമാറ്റരൂപരേഖ ഉടന്‍ നല്‍കുമെന്ന് ഡിജിപി

June 1, 2015 കേരളം

T.P.Senkumarതിരുവനന്തപുരം: പൊതുജനങ്ങളോടു പോലീസ് എങ്ങനെ പെരുമാറണമെന്നു വ്യക്തമാക്കുന്ന ശരിയായ മാര്‍ഗനിര്‍ദേശം 15 ദിവസത്തിനകം പുറത്തിറക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. സംസ്ഥാന പോലീസ് മേധാവിയായി ചാര്‍ജെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണെ്ടന്നും രാത്രികാല വാഹന പരിശോധന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു. രാത്രിയില്‍ വാഹനം ഓടിക്കുന്നവരെല്ലാം കുറ്റവാളികളാണെന്ന മട്ടിലുള്ള പോലീസിന്റെ പെരുമാറ്റത്തില്‍ മാറ്റം വരും. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും.

ക്രിമിനലുകളുമായുള്ള ബന്ധം ദുരുപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ക്രിമിനലുകളുമായി പോലീസുകാര്‍ക്കു ബന്ധപ്പെടേണ്ടിവരുന്നുണ്ട്. ഈ ബന്ധം ദുരുപയോഗിച്ചാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. എന്നാല്‍, നീതിപൂര്‍വമാണെന്ന ഉത്തമ വിശ്വാസത്താല്‍ ചെയ്യുന്ന നടപടികള്‍ക്കു പിന്തുണയുണ്ടാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിലെത്തുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ആവശ്യങ്ങള്‍ പോലീസുകാര്‍ കേള്‍ക്കണം. എന്നാല്‍, നിയമത്തിനും നീതിക്കും അനുസരിച്ചു മാത്രമേ നടപടി പാടുള്ളൂ. ജാതി സംഘടനകളില്‍ പോലീസുകാര്‍ ഭാരവാഹികളാകുന്ന പരാതികള്‍ പരിശോധിച്ചു നടപടി സ്വീകരിക്കും.

പോലീസില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തും. എന്നാല്‍, ഇവയെല്ലാം ഒറ്റയടിക്കു നടപ്പാക്കുമെന്നു പറയാനാകില്ല. രണ്ടു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ നടപ്പാക്കും. പോലീസ് സേനയെ പ്രഫഷണല്‍ സേനയാക്കി മാറ്റാന്‍ നടപടിയെടുക്കും.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് ആദ്യഘട്ടം. റോഡുകളും യാത്രകളും സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ക്കാകും നിര്‍ദേശം നല്‍കുക.

2006നു ശേഷം റോഡപകടങ്ങളില്‍ പൊതുവേ കുറവുണ്ടായിട്ടുണ്ട്. വരുന്ന ഒരു വര്‍ഷംകൊണ്ട് വാഹനാപകടങ്ങളില്‍ കുറവുണ്ടാക്കുകയാണു ലക്ഷ്യം. ജനമൈത്രി പദ്ധതിക്കും സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണു മുന്നോട്ടുപോകുന്നത്. സ്‌കൂളുകളിലും കോളജുകളിലും മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇതു ബോധവത്കരണത്തിലൂടെ തടയും.

അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകള്‍ കടുന്നുകൂടാതിരിക്കാനും രാജ്യത്തിനു പുറത്തുള്ളവര്‍ എത്താതിരിക്കാനും നടപടി സ്വീകരിക്കും. പോലീസുകാരെ കൊലപ്പെടുത്തിയ പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ളവരെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

വിരമിച്ച ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തില്‍നിന്ന് ഇന്നലെ വൈകുന്നേരമാണു സെന്‍കുമാര്‍ ചുമതലയേറ്റെടുത്തത്. ചടങ്ങില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം