സഹോദരങ്ങളുടെ അപകടമരണം: സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌

January 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലാ: സഹോദരങ്ങളായ യുവാക്കളുടെ ദുരൂഹ അപകടമരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവ്‌. പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട്‌ വക്കച്ചന്റെ മക്കളായ വിനു (27), വിപിന്‍ (21) എന്നിവരുടെ അപകടമരണം സംബന്ധിച്ചാണ്‌ സിബിഐ അന്വേഷണത്തിന്‌ പാലാ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവായത്‌.
2009 ഓഗസ്‌റ്റ്‌ 30 ന്‌ പുലര്‍ച്ചെയാണ്‌ പാലാ ബിഷപ്‌ ഹൗസിനു മുമ്പിലുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ റോഡരികിലുണ്ടായിരുന്ന റോഡ്‌ റോളറില്‍ ഇടിച്ചാണ്‌ അപകടമെന്നായിരുന്നു പോലീസ്‌ വാദം. വിനുവിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ്‌ അപകടം.
അപകടം നടന്ന ദിവസം ഇവരുടെ വീട്ടില്‍ പെയിന്റിംഗ്‌ ജോലികള്‍ നടക്കുകയായിരുന്നു. ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക്‌ രാത്രിയില്‍ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനായി സഹോദരങ്ങള്‍ പെയിന്ററെക്കൂട്ടി ബൈക്കില്‍ കൊട്ടാരമറ്റം ജംഗ്‌ഷനിലേക്കു പോയതായി ബന്ധുക്കള്‍ പറയുന്നു. പെയിന്റര്‍ കൊട്ടാരമറ്റത്ത്‌ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ സഹോദരങ്ങള്‍ പാലാ ഭാഗത്തേക്കു ബൈക്കില്‍ പോയി. തുടര്‍ന്ന്‌ ടൗണില്‍നിന്നു തിരികെ കൊട്ടാരമറ്റം ജംഗ്‌ഷനിലേക്കു വരുമ്പോഴാണ്‌ ഇവര്‍ അപകടത്തില്‍പ്പെട്ട്‌ മരിച്ചത്‌. വിപിന്‍ സംഭവസ്ഥലത്തുവച്ചും വിനു പാലാ ജനറല്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം