ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധന : തീരുമാനം ഈ ആഴ്‌ച

January 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭാ ഉന്നതാധികാര സമിതി ഈ ആഴ്‌ച യോഗം ചേരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണു നീക്കം. ഡീസല്‍ വിലയില്‍ നേരിട്ടു വര്‍ധന വരുത്താതെ ക്രൂഡ്‌ ഓയിലിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ്‌ ഏര്‍പ്പെടുത്തി എണ്ണക്കമ്പനികളുടെ നഷ്‌ടം നികത്തുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌.
രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 95 ഡോളറായി ഉയര്‍ന്നതു മൂലം ഡീസല്‍ ലിറ്ററിന്‌ ആറു രൂപയും പാചകവാതകം സിലിണ്ടര്‍ ഒന്നിന്‌ 275 രൂപയും നഷ്‌ടമുണ്ടാകുന്നുവെന്നാണ്‌ എണ്ണ കമ്പനികളുടെ വാദം. ഡീസലിന്‌ രണ്ടു രൂപയ്‌ക്ക്‌ മുകളിലും പാചകവാതകത്തിന്‌ 50 രൂപയില്‍ കൂടുതലും വര്‍ധിപ്പിക്കാനാണ്‌ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. പൊതുമേഖലാ എണ്ണക്കമ്പനികളെ സഹായിക്കാനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഒഎന്‍ജിസിയുടെയും ഓഹരികള്‍ വിറ്റഴിക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകളും നടക്കുന്നുണ്ട്‌.
പെട്രോള്‍ വില ലീറ്ററിന്‌ രണ്ടര രൂപ കൂട്ടിയശേഷവും പൊതുമേഖലയിലെ മൂന്ന്‌ എണ്ണ കമ്പനികള്‍ക്കും കൂടി 73,600 കോടി രൂപയുടെ വാര്‍ഷിക നഷ്‌ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. പെട്രോള്‍ വില കൂട്ടിയതിനു ശേഷവും 1.22 രൂപ ലീറ്ററിനു നഷ്‌ടം സഹിച്ചാണു വില്‍പന നടത്തുന്നതെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യാന്തര ക്രൂഡോയില്‍ വിലകള്‍ കണക്കിലെടുത്ത്‌ ലീറ്ററിനു 3.72 രൂപയെങ്കിലും വര്‍ധന വരുത്തിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂവെന്നാണു കമ്പനി അധികൃതര്‍ പറയുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം