കള്ളപ്പണം: സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

January 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു നേടിയതാണന്ന്‌ സുപ്രീം കോടതി വിമര്‍ശിച്ചു. നികുതിവെട്ടിപ്പ്‌ എന്ന നിലയില്‍ മാത്രം സര്‍ക്കാര്‍ ഇതിനെ കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ വിദേശബാങ്കുകളിലെയും നിക്ഷേപവിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്വിസ്‌ ബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണം രാജ്യത്തേക്ക്‌ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്‌.
കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന്‌ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ കുറ്റകൃത്യമാണിതെന്നും കോടതി പറഞ്ഞു. വിദേശബാങ്കുകളിലെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നായിരുന്നു കോടതിയുടെ ചോദ്യത്തിന്‌ സര്‍ക്കാരിന്റെ മറുപടി. അക്കൗണ്ടുകളിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതിന്‌ ഉഭയക്കഷി ഉടമ്പടി പ്രകാരം ബുദ്ധിമുട്ടുണ്ടടന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.. വിദേശബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടപ്പോള്‍ ഒരു ബാങ്കിലെ വിവരങ്ങള്‍ മാത്രം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം